Prithviraj Starrer Detroit Crossing Review: പ്രളയത്തിന്റെ പ്രതിസന്ധികളിൽ എല്ലാമെന്ന പോലെ മലയാള സിനിമയും കുടുങ്ങി കിടക്കുകയായിരുന്നു. പ്രളയം സൃഷ്ടിച്ച നീണ്ട ഒരിടവേള കഴിഞ്ഞു ആദ്യമായി തിയേറ്ററിൽ എത്തുന്ന ചിത്രമാണ് ‘രണം’. പൃഥ്വിരാജിനെ നായകനാക്കി നിർമൽ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് രണം. റഹ്മാൻ, നന്ദു, അശ്വിൻ കുമാർ ഇഷാ തൽവാർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഇടങ്ങളാണ് സംവിധായകൻ കഥ പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമയുടെ ട്രെയിലർ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളെ ഉയർത്തിയിരുന്നു.

അമേരിക്കയിലെ ഡിട്രോയിറ്റ്‌ നഗരത്തിലെ ഡ്രഗ് മാഫിയയുടെയും അതിൽ അവർ പോലും അറിയാതെ പെട്ടു പോകുന്നവരുടെയും അവരുടെ അതിജീവനത്തിനായുള്ള അന്വേഷണവുമാണ് ഒരു തരത്തിൽ രണം.

ആദി (പൃഥ്വി) ഒരു കാർ മെക്കാനിക്കും കൂടാതെ ശ്രീലങ്കൻ വംശജനായ ദാമോദർ രത്നം (റഹ്മാൻ) എന്ന ഡ്രഗ് മാഫിയ തലവന്റെ ഡീലറിൽ ഒരാളുമാണ്. ആദിയും ഭാസ്‌കറും (നന്ദു) ആ നഗരത്തിന്റെ അഴുക്കിൽ നിന്നും എങ്ങനെയെങ്കിലും പുറത്തു കടക്കണം എന്നാഗ്രഹിക്കുന്നവരു മാണ്. എന്നാൽ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ രണ്ടുപേരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. പതിവ് രീതിയിൽ തന്നെയാണ് ചിത്രത്തിലെ പല സന്ദർഭങ്ങളും കടന്നു പോകുന്നത്. അത് പുതിയൊരു രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഗ്യാങ്‌സ്റ്റർ സ്റ്റോറിയാണ് പറയുന്നതെങ്കിലും ഒരു ആക്ഷൻ സിനിമ പ്രതീക്ഷിച്ച് കയറിയാൽ ‘രണം’ നിങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കും. കാരണം ഓരോ കഥാപാത്രങ്ങളുടെയും ആത്മസംഘർഷങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അങ്ങിനെ തന്നെയാവണം സംവിധായകൻ കഥ പറയാൻ ഉദ്ദേശിച്ചതെന്ന് പല രംഗങ്ങളിലും വ്യക്തവുമാണ്. ഡ്രഗ്‌ മാഫിയാ ഡോണിനൊപ്പം തല്ലു കൊള്ളാനും കൊടുക്കാനും ഒരു വലിയ സംഘമൊന്നും ഇല്ല. അത്തരം സംഘട്ടനങ്ങൾ ഒന്നും തന്നെ സിനിമയിൽ ഇല്ലതാനും.

സിനിമയിലെ എടുത്തു പറയേണ്ടുന്ന ഒന്നാണ് പൃഥ്വിയുടെ പ്രകടനം. കൂടെയിലെ ജോഷ്വായ്ക്ക് ശേഷം പൃഥ്വിയിൽ നിന്ന് പ്രേക്ഷകന് ലഭിക്കുന്ന മറ്റൊരു മികച്ച കഥാപാത്രം കൂടിയാണ് ആദി. പക്ഷെ സിനിമയിലുടനീളം ഉപയോഗിക്കുന്ന ആദിയുടെ കഥ പറച്ചിൽ ചിലപ്പോഴൊക്കെ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രേക്ഷകന് കൺമുന്നിൽ കാണുന്ന കാഴ്ചയെ അതേപോലെ വിവരിക്കുന്നത് അരോചകമായി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ പലപ്പോഴും വല്ലാത്ത കൃത്രിമത്വം അനുഭവപ്പെട്ടു. ഇടവേളയ്ക്ക് ശേഷം റഹ്‌മാനിൽ നിന്ന് ലഭിക്കുന്ന ഒരു മികച്ച കഥാപാത്രമാണ് ദാമോദർ. പക്ഷെ അഭിനേതാവ് എന്ന നിലയിൽ വെല്ലുവിളി ഉയർത്തുന്ന രംഗങ്ങൾ വിരളമായിരുന്നു. മറ്റെല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കിയപ്പോൾ ഇഷാ തൽവാർ ആ തലത്തിലേയ്ക്ക് എത്തിയില്ല.

എടുത്തു പറയേണ്ട മറ്റൊന്ന് സിനിമയുടെ സാങ്കേതിക മേന്മയാണ്. അതത്രകണ്ട് മികച്ചു നിന്നു എന്ന് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തിരിച്ചറിയാൻ കഴിയും. സിനിമ ആവശ്യപ്പെടുന്ന രീതിയിൽ ജഗമി ടെൻസിങ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഓരോ സീനും പ്രേക്ഷകനിലേക്ക് അതേ അർത്ഥത്തിൽ എത്തിക്കാൻ ജകേസ് ബിജോയ്ക്ക് തന്റെ സംഗീതത്തിലൂടെ കഴിഞ്ഞു.

തിരക്കഥയിൽ ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ രണം കൂടുതൽ മികച്ചതായേനെ. കണ്ടു മടുത്ത കഥാ സന്ദർഭങ്ങളാണ് രണത്തെ പലപ്പോഴും പുറകോട്ട് വലിക്കുന്നത്. പക്ഷെ, തന്നിൽ നല്ല സംവിധായകനുണ്ടെന്ന് നിർമൽ സഹദേവ് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിച്ചിരിക്കുന്നു. ഓരോ ഷോട്ടിലും അത് തെളിഞ്ഞു കിടക്കുന്നു. പൃഥ്വി ഈ അടുത്ത് തിരഞ്ഞെടുത്ത ചിത്രങ്ങളിൽ പലതും ഡാർക്ക് മൂഡിൽ കഥ പറയുന്ന സിനിമകളായിരുന്നു. അവയെക്കാളൊക്കെ മികച്ച ചിത്രം തന്നെയാണ് ‘രണം’. ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ ‘രണ’വും അതിജീവിച്ചേയ്ക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook