ബോക്‌സ്ഓഫീസുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് രാജമൗലിയുടെ ബാഹുബലി 2. തിയേറ്ററുകളിൽ ആളെ നിറക്കുന്നതോടൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും നിറയുന്നുണ്ട് ബാഹുബലി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാഹുബലിയിലെ താരനിർണയത്തെ കുറിച്ചുള്ള വാർത്തകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്. മലയാളികളുടെ സൂപ്പർതാരമായ മോഹൻലാൽ ആയിരുന്നു കട്ടപ്പയാകേണ്ടിയിരുന്നതെന്നും ബാഹുബലിയുടെ വേഷം അവതരിപ്പിച്ച പ്രഭാസിന് പകരം ഹൃത്വിക് റോഷനെയായിരുന്നു രാജമൗലി മനസിൽ കണ്ടിരുന്നതെന്നുമായിരുുന്നു ഇവയിൽ പ്രധാനം. എന്നാൽ ഈ കേട്ട വാർത്തകളൊന്നും തന്നെ സത്യമല്ലെന്ന് ബാഹുബലിയിൽ പൽവാൽ ദേവനെ അവതരിപ്പിച്ച റാണാ ദഗ്ഗുബട്ടി വ്യക്തമാക്കിയിരിക്കുകയാണ്.

bahubali, Prabhas, Rana Daggubati, Anushka Shetty, Tamannaah, audio release

തെറ്റായ വിവരങ്ങൾ നൽകിയ ഒരു വാർത്തയുടെ ലിങ്ക് ഷെയർ ചെയ്തുകൊണ്ടാണ് റാണാ ദഗ്ഗുബട്ടി ട്വിറ്ററിലൂടെ ഇതെല്ലാം നിഷേധിച്ചത്. ബാഹുബലിയുടെ വേഷം ചെയ്യാൻ നിശ്ചയിച്ചിരുന്നത് ഹൃത്വിക് റോഷനായിരുന്നെന്നും പൽപാൽ ദേവന്റെ വേഷം ആദ്യം ജോൺ എബ്രഹാമിനേയും പിന്നീട് വിവേക് ഒബ്രോയ്‌യെയും ഏൽപിച്ചെന്നും ഇവർക്ക് രണ്ട് പേർക്കും അസൗകര്യമുണ്ടായിരുന്നതിനാലാണ് റാണാ ദഗ്ഗുബട്ടിയെ ഏൽപിച്ചതെന്നുമായിരുന്നു വാർത്തയിലുണ്ടായിരുന്നത്. മോഹൻലാൽ ആയിരുന്നു കട്ടപ്പ ആകേണ്ടിയിരുന്നതെന്നും വാർത്തയിൽ ഉണ്ടായിരുന്നു. മോഹൻലാൽ കട്ടപ്പയായാൽ എങ്ങനെയുണ്ടാകുമെന്ന് ഇന്നലെ മലയാളികൾ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യുകയും ചെയ്തു.

ഈ വാർത്തകളെല്ലാം തെറ്റാണെന്നാണ് റാണ ട്വീറ്റ് ചെയ്തത്. താനും പ്രഭാസും തിരക്കഥ പൂർത്തിയാകും മുൻപ് തന്നെ സിനിമയോടൊപ്പം ചേർന്നവരാണെന്ന് റാണ വ്യക്തമാക്കി.

അതേസമയം, രമ്യ കൃഷ്ണൻ അനശ്വരമാക്കിയ ശിവകാമി ദേവിയുടെ വേഷം ചെയ്യാൻ ശ്രീദേവിയെയാണ് ആദ്യം രാജമൗലി പരിഗണിച്ചിരുന്നതെന്ന വാർത്ത റാണ നിഷേധിച്ചില്ല. എന്നാല്‍ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ ആ റോള്‍ രമ്യയിലെത്തുകയായിരുന്നെന്നും പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടതിനാൽ ശ്രീദേവിയെ ഒഴിവാക്കുകയല്ലായിരുന്നെന്നും റാണ വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ