ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. പ്രഭാസിനെ പോലെ തന്നെ തെലുങ്ക് സിനിമാലോകത്തെ ‘മോസ്റ്റ് എലിജിബിള് ബാച്ച്ലര്’ ലിസ്റ്റിലായിരുന്നു റാണയുടെയും സ്ഥാനം. അടുത്തിടെയാണ് ആരാധകരെ ഒന്നടക്കം ഞെട്ടിച്ചുകൊണ്ട് തന്റെ വിവാഹ വാർത്ത റാണ പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരിയും ഇന്റീരിയർ ഡിസൈനറുമായ മിഹീഖ ബജാജ് ആണ് റാണയുടെ മനം കവർന്ന സുന്ദരി.
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ഇതിനകം ആരംഭിച്ചതായും മിഹീഖ പങ്കുവച്ച പുതിയ ചിത്രം അത്തരമൊരു ആഘോഷത്തിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടുണ്ട്. കുറഞ്ഞ ആക്സസറികളും മേക്കപ്പും ഉള്ള പുതിന പച്ച ലെഹെങ്ക സെറ്റിൽ അതിസുന്ദരിയാണ് മിഹീഖ.
ഹൈദരാബാദിൽ വച്ച് ഓഗസ്റ്റ് എട്ടിന് ഇരുവരും വിവാഹിതരാകും. കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ആ മാർഗനിർദേശങ്ങൾ പാലിച്ച് അടുത്തബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി ലളിതമായിരിക്കും വിവാഹമെന്ന് റാണയുടെ പിതാവ് സുരേഷ് ബാബു പറഞ്ഞു.
വിവാഹത്തെക്കുറിച്ച് റാണ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു:
“മിഹിഖയെ പരിചയപ്പെട്ടപ്പോൾ അവളുമായി ഒന്നിച്ച് ദീർഘകാലം ചെലവഴിക്കാൻ കഴിയുമെന്ന് തോന്നി. മാത്രമല്ല, പെട്ടെന്ന് തന്നെ വിവാഹിതനാവണം എന്നു തോന്നി. ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോൾ എല്ലാം നല്ല രീതിയിൽ സംഭവിക്കും. ഞാൻ ഒഴുക്കിനൊപ്പം പോവുകയായിരുന്നു,” മിഹീഖയുമായുള്ള പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് റാണ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വിവാഹകാര്യം പറഞ്ഞപ്പോൾ ആദ്യം മിഹീഖയ്ക്ക് ഷോക്കായിരുന്നുവെന്നും എന്നാൽ പിന്നീട് അവളും ഏറെ സന്തോഷം പ്രകടിപ്പിച്ചെന്നും താരം കൂട്ടിച്ചേർത്തു.
Read More: ഒടുവിൽ റാണയുടേയും മിഹീഖയുടെയും വിവാഹ തീയതി പുറത്തുവിട്ടു
“വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമാണ്, എന്നിട്ടും പെട്ടെന്ന് കേട്ടപ്പോൾ അവർ ഷോക്കായി. അവരെല്ലാം വലിയ സന്തോഷത്തിലാണ്,” റാണ പറയുന്നു.
വീട്ടുകാർ മാത്രമല്ല, സുഹൃത്തുക്കളും മുൻകാമുകിമാരുമെല്ലാം വിവാഹവാർത്ത കേട്ടതിൽ ഏറെ സന്തോഷത്തിലാണെന്നും താരം പറഞ്ഞു. ” എല്ലാവരും അങ്ങേയറ്റം സന്തുഷ്ടരായിരുന്നു, ഒടുവിൽ അതു സംഭവിച്ചല്ലേ എന്നാണ് അവർ പറഞ്ഞത്,” പൂർവ്വ കാമുകിമാരെ കുറിച്ച് റാണ പറഞ്ഞതിങ്ങനെ.