തെലുഗ് സൂപ്പര്‍ താരം റാണാ ദഗ്ഗുബാട്ടി കേരളത്തില്‍. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് റാണ കേരളത്തില്‍ എത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് അദ്ദേഹം ചിത്രീകരണത്തിന് എത്തിയത്.
തമിഴ് സംവിധായകന് പ്രഭു സോളമന് ബഹുഭാഷകളില്‍ ഒരുക്കുന്ന ‘ഹാത്തി മേരേ സാഥി’യുടെ ചിത്രീകരണമാണ് കേരളത്തില്‍ നടക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കോഴഞ്ചേരിയിലാണ് കേരളത്തിലെ പ്രധാന ചിത്രീകരണം. കാടിന്റെ ചിത്രം ഉള്‍പ്പെടെയാണ് റാണ കേരളത്തില്‍ ചിത്രീകരണത്തിന് എത്തിയ കാര്യം അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
കാടന്‍ എന്നാണ് തമിഴില്‍ ചിത്രത്തിന്റെ ടൈറ്റില്‍. വിവിധ ഭാഷകളില്‍ പല കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത താരങ്ങള്‍ എത്തും. പുല്‍കിത് സമ്രാട്ട് ഹിന്ദിയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ വിഷ്ണു വിശാലും തെലുങ്കില്‍ രഘു ബാബുവുമാണ് അവതരിപ്പിക്കുന്നത്. റാണ ദഗ്ഗുബാട്ടിയ്ക്കൊപ്പം സോയ ഹുസെയ്ന്‍, കല്കി കൊച്ചൈന് എന്നിവര്‍ മൂന്ന് ഭാഷകളിലും അഭിനയിക്കും.
മനുഷ്യനും മൃഗങ്ങളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളള ചിത്രം 1971ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ‘ഹാത്തി മെരെ സാഥി’ എന്ന ചിത്രത്തിനുളള ആദരം കൂടിയാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ബാഹുബലി 2വും കേരളത്തിലെ കാടുകളില്‍ ചിത്രീകരിച്ചിരുന്നു. കണ്ണൂരിലെ കണ്ണവം വനത്തില്‍ സിനിമയുടെ ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 24 ദിവസത്തെ ഷൂട്ടിങാണ് കണ്ണവത്തില്‍ വച്ചു നടന്നത്. ഇതിനായി 3.60 ലക്ഷം രൂപ ഫീസായും 15,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും നല്‍കുകയും ചെയ്തിരുന്നു. ഏകദേശം ഒരേക്കറില്‍ താഴെ മാത്രമുള്ള സ്ഥലമാണ് ഷൂട്ടിങിനായി അനുവദിച്ചത്.
തലശേരി മാനന്തവാടി റോഡില്‍ ചങ്ങല ഗെയ്റ്റെന്ന സ്ഥലത്തു നിന്ന് കാടിന് അകത്തുള്ള പെരുവ ചെമ്പുക്കാവ് ഗ്രാമങ്ങളിലേക്കു പോവുന്ന ടാര്‍ റോഡില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകത്തായി താല്‍ക്കാലിക ഡിപ്പോയിലും റോഡിന് 100 മീറ്റര്‍ അകത്ത് സ്ഥിതി ചെയ്യുന്ന പുഴക്കരയിലുമാണ് ഷൂട്ടിങിനായി അനുമതി നല്‍കിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook