/indian-express-malayalam/media/media_files/2026/02/17/rana-daggubati-2026-02-17-16-55-50.jpg)
തന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തെ മറികടന്നതിനെ കുറിച്ച് റാണ ദഗ്ഗുബാട്ടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാഹുബലിയുടെ വൻ വിജയത്തിന് പിന്നാലെ വൃക്ക തകരാറിലാകൽ, ഹൃദയത്തിന് ചുറ്റുമുള്ള കാൽസിഫിക്കേഷൻ തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളിലൂടെയാണ് താരം കടന്നുപോയത്. തന്റെ രോഗമുക്തിക്ക് ശേഷമുള്ള കാലഘട്ടത്തെ 'ചാപ്റ്റർ 2' എന്നാണ് റാണ വിശേഷിപ്പിക്കുന്നത്.
റിയ ചക്രവർത്തിയുടെ 'ചാപ്റ്റർ 2' എന്ന പരിപാടിയിൽ സംസാരിക്കവെ റാണ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. "ആദ്യമായി രോഗവിവരം അറിഞ്ഞപ്പോൾ അത് വലിയൊരു ആഘാതമായിരുന്നു. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ലല്ലോ. ഞാൻ ഇല്ലാതായേക്കാം എന്ന യാഥാർത്ഥ്യം ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഒരു സുഹൃത്തോ ബന്ധുവോ സുഖമില്ലാതെ ഇരിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്കറിയാം, എന്നാൽ അത് നമുക്ക് തന്നെ സംഭവിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല."
Also Read: നാലാം വയസ്സിൽ ദേശീയ അവാർഡ് സ്വന്തമാക്കി; ഇന്ന് തിളങ്ങുന്നത് മറ്റൊരു മേഖലയിൽ
ശസ്ത്രക്രിയയും തുടർചികിത്സകളും ഉൾപ്പെടെ നീണ്ടൊരു യാത്രയായിരിക്കും ഇതെന്നു തിരിച്ചറിഞ്ഞപ്പോൾ, പാതിവഴിയിലായ സിനിമയടക്കം എല്ലാ തിരക്കുകളിൽ നിന്നും റാണ മാറിനിന്നു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ ആ കാലഘട്ടം തന്റെ ജീവിത ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും റാണ കൂട്ടിച്ചേർത്തു.
Also Read: ആദ്യം കാൻസർ, 37-ാം വയസ്സിൽ ആർത്തവവിരാമം; കയ്‌പ്പേറിയ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ലിസ റേ
ഈ അനുഭവം റാണയുടെ ജീവിതരീതിയെ തന്നെ മാറ്റിമറിച്ചു. "നമ്മൾ ഒരു ദിവസം ഇവിടെ ഉണ്ടാകില്ല എന്ന സത്യം മനസ്സിലാക്കിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഞാൻ ഇല്ലെങ്കിലും നിലനിൽക്കുന്ന രീതിയിലാണ് ഇപ്പോൾ എല്ലാം കെട്ടിപ്പടുക്കുന്നത്. മുമ്പ് എല്ലാം എന്നെ കേന്ദ്രീകരിച്ചായിരുന്നു, എന്നാൽ ഇപ്പോൾ ജീവിതത്തോടുള്ള സമീപനം മാറി," റാണ കൂട്ടിച്ചേർത്തു.
റാണ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും തന്റെ കരുത്തുറ്റ സ്വഭാവം കൈവിട്ടിരുന്നില്ലെന്ന് റിയ ചക്രവർത്തി ഓർമ്മിപ്പിച്ചു. ഒരു ഉച്ചകോടിക്കിടെ ഇരുന്ന കസേര റാണയുടെ കരുത്തിൽ തകർന്നുപോയ സംഭവം റിയ തമാശരൂപേണ പങ്കുവെച്ചു.
എന്തായിരുന്നു റാണയുടെ ആരോഗ്യപ്രശ്നങ്ങൾ?
ബാഹുബലി 2-ന്റെ വൻ വിജയത്തിന് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് റാണയ്ക്ക് അസുഖം ബാധിച്ചത്. സാമന്ത റൂത്ത് പ്രഭുവിന്റെ 'സാം ജാം' എന്ന ടോക്ക് ഷോയിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: "ജീവിതം അതിവേഗത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു 'പോസ്' ബട്ടൺ അമർത്തപ്പെട്ടതുപോലെയായി. എനിക്ക് ജനനം മുതൽക്കേ ബി.പിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഹൃദയത്തിന് ചുറ്റുമുള്ള കാൽസിഫിക്കേഷൻ, വൃക്ക തകരാറിലാകൽ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആ സമയത്ത് 70 ശതമാനം പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ സാധ്യതയുണ്ടായിരുന്നു, 30 ശതമാനം മരണസാധ്യതയും.""
എന്നാൽ റാണ നേരിട്ട ആരോഗ്യപ്രശ്നങ്ങൾ ഇവ മാത്രമായിരുന്നില്ല. റാണയ്ക്ക് കാഴ്ചസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും വർഷങ്ങൾക്ക് മുമ്പ് ഒരു കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. "വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇതിനെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. യുക്തിപരമായി പറഞ്ഞാൽ ഇതൊരു ശാരീരിക പരിമിതിയാണ്. ഞാൻ ഒരു കണ്ണ് അടച്ചാൽ മറ്റേ കണ്ണ് കൊണ്ട് എനിക്ക് ഒന്നും കാണാൻ കഴിയില്ല. പക്ഷേ, ഞാൻ ഇതിനെക്കുറിച്ച് അധികം ആലോചിച്ച് വിഷമിക്കാറില്ല. മുന്നോട്ട് പോകാൻ ആവശ്യമായ കരുത്ത് നേടുകയാണ് വേണ്ടത്," 2017-ൽ പിടിഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ റാണ പറഞ്ഞു.
Also Read: എന്നോട് ഏറ്റവും വിശ്വസ്തത പുലർത്തുന്നത് ആ അസുഖം മാത്രമാണ്: ഖുഷി കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us