റാണ ദഗ്ഗുബട്ടി നായകനായെത്തുന്ന ‘നേനേ രാജു നേനേ മന്ത്രി’യുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വൻ സ്വീകരണമാണ് ആരാധകർക്കിടയിൽ നിന്നും ടീസറിന് ലഭിച്ചത്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്‌ക്കുകയാണ് റാണ. ട്വിറ്ററിലെ ‘Ask Me Anything’ എന്ന പരിപാടിയിലാണ് റാണ തന്റെ പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്.

പ്രണയവും രാഷ്ട്രീയവും കലർന്ന ചിത്രമാണ് നേനേ രാജു നേനേ മന്ത്രിയെന്ന് റാണ പറയുന്നു. ജോഗേന്ദ്ര എന്ന കഥാപാത്രമായാണ് റാണ ചിത്രത്തിലെത്തുന്നത്. നല്ലത് ചീത്തയാകുന്നു പിന്നീട് വിണ്ടും ചീത്തയാകുന്നു എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് റാണ ഒറ്റവാക്കിൽ പറയുന്നത്.

കാജൽ അഗർവാളും കാതറീൻ തെരേസയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. എന്ത് കൊണ്ട് കാജൽ അഗർവാളിനെ നായികയാക്കിയെന്ന ചോദ്യത്തിന് താനല്ല കാജളിനെ തിരഞ്ഞെടുത്തതെന്ന് റാണ പറഞ്ഞു. തിരക്കഥയാണ് തന്നെയും കാജളിനെയും ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്നും റാണയുടെ വാക്കുകൾ.

തേജയാണ് നേനേ രാജു നേനേ മന്ത്രി സംവിധാനം ചെയ്യുന്നത്. തേജയും റാണയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ ചിത്രത്തിലൂടെ നിർമ്മാണത്തിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് റാണ.

ട്വിറ്ററിൽ സജീവമാണ് റാണ. നടൻ പ്രഭാസിനെയും ട്വിറ്ററിൽ കൊണ്ടുവന്നുകൂടേയെന്ന് ആരാധകർ ചോദിച്ചു. താൻ ശ്രമിച്ചതാണെന്നും തനിക്കിതുവരെ അതിൽ വിജയിക്കാനായിട്ടില്ലെന്നുമായിരുന്നു റാണ ഇതിനു നൽകിയ മറുപടി. പ്രഭാസിനൊപ്പം ഇനിയും അഭിനയിക്കാൻ തയാറാണെന്നും റാണ പറഞ്ഞു.

ബാഹുബലി 2 മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴാണ് റാണ ദഗുബാട്ടി തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook