/indian-express-malayalam/media/media_files/uploads/2020/05/rana-2.jpg)
ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. വിവാഹ ഒരുക്കങ്ങളിലാണ് റാണ ഇപ്പോൾ. ആഗസ്ത് എട്ടിനാണ് റാണയും മിഹീഖ ബജാജും തമ്മിലുള്ള വിവാഹം. ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ ബജാജ്.
കൊറോണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിവാഹം. 30ൽ താഴെ അതിഥികളെ മാത്രമേ വിവാഹത്തിനുണ്ടാവൂ എന്ന് താരത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു. സ്പെഷ്യൽ തീമിലാവും വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്.
"കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികൾ വിവാഹത്തിനെത്തൂ. സോഷ്യൽ ഡിസ്റ്റൻസിഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. വെന്യൂവിൽ എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തിൽ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ്," റാണായുടെ പിതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ. കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബണ്ടി.
മേയ് 12നാണ് താൻ വിവാഹിതനാവാൻ പോവുന്ന കാര്യം റാണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. "മിഹിഖയെ പരിചയപ്പെട്ടപ്പോൾ അവളുമായി ഒന്നിച്ച് ദീർഘകാലം ചെലവഴിക്കാൻ കഴിയുമെന്ന് തോന്നി. മാത്രമല്ല, പെട്ടെന്ന് തന്നെ വിവാഹിതനാവണം എന്നു തോന്നി. ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോൾ എല്ലാം നല്ല രീതിയിൽ സംഭവിക്കും. ഞാൻ ഒഴുക്കിനൊപ്പം പോവുകയായിരുന്നു,” മിഹീഖയുമായുള്ള പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് റാണ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞതിങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.