റാണാ ദഗുപതി കാളക്കൂറ്റനെയും ആനയെയും കായികശേഷികൊണ്ട് എതിരിടുന്ന ഭല്ലാല്‍ദേവ, ബാഹുബലി കണ്ടിറങ്ങിയവരിലാര്‍ക്കും അതിശയോക്തിയോ അവിശ്വസനീയതയോ ഉണ്ടാക്കിയില്ല. അത്ര തന്മയത്വത്തോടെ, കൈയ്യടക്കത്തോടെ വില്ലന്‍ വേഷം റാണ ദഗുപതി അവിസ്മരണീയമാക്കി. മഹിഷ്മതി സാമ്രാജ്യത്തെ അടക്കിഭരിച്ച്‌ ബാഹുബലിയെ ബുദ്ധികൂര്‍മത കൊണ്ട് കീഴ്പ്പെടുത്തിയ ആ ഭല്ലാല്‍ദേവ ഹോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഭാഗമാവുന്നു.

അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍ യൂണിവേഴ്സിന്റെ തെലുങ്ക് പതിപ്പില്‍ തന്റെ ശബ്ദമാണ് റാണ നല്‍കിയത്. താനോസ് എന്ന പ്രധാനപ്പെട്ട കഥാപാത്രത്തിന് അദ്ദേഹം ശബ്ദം നല്‍കി. ഏപ്രില്‍ 27നാണ് ചിത്രം റിലീസ് ചെയ്യുക. ഡിസ്നി ഇന്ത്യയാണ് റാണയെ ഇതിനായി തിരഞ്ഞെടുത്തത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് വേണ്ടിയാണ് റാണ സംസാരിക്കുക. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും ഇതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റാണ ദഗുപതി പറഞ്ഞു.

‘അയണ്‍ മാനും കാപ്റ്റന്‍ അമേരിക്കയുമാണ് എന്റെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍. അതുകൊണ്ട് തന്നെ അവഞ്ചേഴ്സിനായി ശബ്ദം നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ട്. സൂപ്പര്‍ഹീറോസിന് ഏറെ വെല്ലുവിളിയായ താനോസ് എന്ന വില്ലന് ശബ്ദം നല്‍കുന്നതില്‍ ഏറെ ത്രില്ലിലാണ്’, റാണ ദഗുപതി പറഞ്ഞു. താനോസിന് റാണയുടെ ശബ്ദം നല്‍കുന്നതിലൂടെ ഇന്ത്യയിലൊട്ടാകെ ചിത്രത്തിന് സ്വീകാര്യം കിട്ടുമെന്നാണ് ഡിസ്നി ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തേ ജംഗിള്‍ ബുക്കിനായി 2016ല്‍ ബോളിവുഡ് താരങ്ങളെ കൊണ്ട് ഹിന്ദി പതിപ്പില്‍ ഡബ്ബ് ചെയ്തിരുന്നു. പ്രിയങ്ക ചോപ്ര, ഇര്‍ഫാന്‍ ഖാന്‍, നാനാ പടേകര്‍, ഓം പുരി, ഷെഫാലി ഷാ എന്നിവരായിരുന്നു അന്ന് ചിത്രത്തിനായി ശബ്ദം നല്‍കിയത്. ക്യാപ്റ്റന്‍ അമേരിക്കയ്ക്കായി വരുണ്‍ ധവാനും നേരത്തേ ശബ്ദം നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ