scorecardresearch

ദുൽഖറിന്റെ സമയം പാഴാക്കിയ നടിയെന്ന പരാമർശം; സോനം കപൂറിനോട് മാപ്പ് പറഞ്ഞ് റാണ

‘കിങ് ഓഫ് കൊത്ത’യുടെ ഹൈദരാബാദിൽ നടന്ന പ്രമോഷൻ ഇവന്റിനിടെയായിരുന്നു റാണയുടെ വിവാദ പരാമർശം

‘കിങ് ഓഫ് കൊത്ത’യുടെ ഹൈദരാബാദിൽ നടന്ന പ്രമോഷൻ ഇവന്റിനിടെയായിരുന്നു റാണയുടെ വിവാദ പരാമർശം

author-image
Entertainment Desk
New Update
Rana Daggubati | Sonam Kapoor | Dulquer Salmaan | King of Kotha Event

സോനത്തിനോടും ദുൽഖറിനോടും മാപ്പു പറഞ്ഞ് റാണ

ബോളിവുഡ് നടി സോനം കപൂറിനോടു മാപ്പു പറഞ്ഞ് നടൻ റാണ ദഗുബാട്ടി. ‘കിങ് ഓഫ് കൊത്ത’യുടെ പ്രമോഷനിടെ റാണ സോനത്തിനു എതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. അതിനെ തുടർന്നാണ് റാണ സോഷ്യൽ മീഡിയയിലൂടെ സോനത്തിനോട് മാപ്പു പറഞ്ഞിരിക്കുന്നത്.

Advertisment

ദുല്‍ഖറിന്റെ സെറ്റില്‍ ഒരു പ്രമുഖനടി പ്രൊഫഷണലിസമില്ലാതെ പെരുമാറിയെന്നും ലണ്ടനില്‍ ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ച് ഭര്‍ത്താവിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും നടിയുടെ ഈ പെരുമാറ്റം സെറ്റിലുള്ളവരെയും ഷൂട്ടിനെയും അലോസരപ്പെടുത്തിയെന്നുമായിരുന്നു ഹൈദരാബാദിലെ പ്രീ റിലീസ് ഇവന്റിൽ റാണ പറഞ്ഞത്. നായികയുടെ പേര് റാണ പരാമർശിച്ചില്ലെങ്കിലും, ആളുകൾ ആ നടി ആരാണെന്ന നിഗമനങ്ങളിൽ എത്തി. ദി സോയ ഫാക്ടർ എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം അഭിനയിച്ച സോനം കപൂറിലേക്കാണ് റാണ വിരൽ ചൂണ്ടുന്നതെന്നു കണ്ട സോഷ്യൽ മീഡിയ റാണയുടെ പ്രസ്താവന ഏറ്റുപിടിച്ചു. അതോടെ സോനത്തെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങി.

"ദുല്‍ഖര്‍ ആക്ടിങ് സ്‌കൂളില്‍ എന്റെ ജൂനിയറായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ദുൽഖർ വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം ഒരു ഹിന്ദി സിനിമ ചെയ്തിരുന്നു. അതിന്റെ നിര്‍മാതാക്കള്‍ എന്റെ സുഹൃത്തുക്കളാണ്. എന്റെ വീടിനടുത്തായിരുന്നു ഷൂട്ടിങ്. ദുല്‍ഖറിനെ കാണാനാണ് ഞാന്‍ അവിടെ പോയത്. ദുൽഖർ സ്പോട്ട് ബോയ്ക്കൊപ്പം ഒരു വശത്ത് മാറിയിരിക്കുകയായിരുന്നു. ആ സിനിമയിലെ നായികയായ ഒരു വലിയ ഹിന്ദി സ്റ്റാർ തന്റെ ഭര്‍ത്താവുമായി ലണ്ടനില്‍ ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു. അത് ഷോട്ടുകളെ ബാധിക്കുന്നുണ്ടായിരുന്നു. സെറ്റിലുള്ളവര്‍ക്കും അതു ബുദ്ധിമുട്ടായി. എന്റെ കയ്യിൽ ഒരു കുപ്പി ഉണ്ടായിരുന്നെങ്കിൽ ഞാൻ അത് ചതച്ചു കളഞ്ഞേനെ. പക്ഷേ, ദുൽഖർ ശാന്തനായി, ആവശ്യപ്പെട്ടത്ര ടേക്കുകൾ നൽകി. വളരെ ആത്മാർഥതയോടെയും സഹിച്ചുമാണ് ദുല്‍ഖര്‍ ജോലി ചെയ്തത്. ആ സംഭവത്തില്‍ ഞാന്‍ നിർമാതാവിനോട് ദേഷ്യപ്പെട്ടു," എന്നാണ് റാണ പറഞ്ഞത്.

Advertisment

റാണയുടെ പരാമർശം വിവാദമായതോടെ സോനത്തിനോടും ദുല്‍ഖറിനോടും ക്ഷമ പറഞ്ഞ് റാണ രംഗത്തെത്തി. "എന്റെ പരാമര്‍ശം മൂലം സോനം കപൂറിനുണ്ടായ നെഗറ്റിവിറ്റിയില്‍ എനിക്ക് വിഷമമുണ്ട്. അതില്‍ സത്യമില്ല, ഞാനത് വളരെ തമാശയായി പറഞ്ഞതാണ്. സുഹൃത്തുക്കളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം കളിയാക്കാറുണ്ട്. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു. ഈ അവസരത്തില്‍ സോനത്തിനോടും ദുല്‍ഖറിനോടും മാപ്പ് ചോദിക്കുകയാണ്. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തികളാണ് ഇരുവരും. എന്റെ വിശദീകരണം ഊഹാപോഹങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിരാമമിടുമെന്ന് പ്രതീക്ഷിക്കുന്നു," റാണ കുറിച്ചു.

Sonam Kapoor Dulquer Salmaan Rana Daggubati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: