എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ഇതിഹാസ വിജയത്തിനു ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട ബല്ലാലദേവനായ റാണ ദഗ്ഗുബാട്ടി മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുന്നു. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കഥ പറഞ്ഞ് കെ.മധു സംവിധാനം ചെയ്യുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രത്തിലെ നായകനായാണ് തെലുങ്കില്‍ നിന്നും മലയാളക്കരയിലേക്കുള്ള റാണയുടെ വരവ്.

മാര്‍ത്താണ്ഡവര്‍മ്മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയായിരിക്കും ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ നിന്നായി വന്‍താരനിര തന്നെ ചിത്രത്തില്‍ ഉണ്ടാകും. ബാഹുബലിയുടെ മാതൃകയില്‍ രണ്ട് ഭാഗങ്ങളില്‍, അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ട്വിറ്ററിലൂടെ റാണ തന്നെയാണ് താന്‍ മാര്‍ത്താണഡവര്‍മയാവുന്ന വിവരം പ്രഖ്യാപിച്ചത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-തിരുവിതാംകൂര്‍ മഹാരാജാവാണ് എന്റെ കഥാപാത്രം. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. റോബിന്‍ തിരുമല തിരക്കഥ ഒരുക്കി സെവന്‍ ആര്‍ട്‌സ് മോഹന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധുവാണ്-റാണ ട്വിറ്ററില്‍ കുറിച്ചു.

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍വച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്നാണ് സിനിമയെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കുളച്ചല്‍ യുദ്ധം പുനഃസൃഷ്ടിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്‌നാണ്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആര്‍. മാധി. സംഗീതം കീരവാണി, കലാസംവിധാനം മനു ജഗത്ത്, ഗാനങ്ങള്‍: കെ.ജയകുമാര്‍, ഷിബു ചക്രവര്‍ത്തി, പ്രഭാ വര്‍മ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ