കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ പനിയുടെ കഥ പറയുന്ന മലയാള സിനിമ വൈറസില്‍ രമ്യാ നമ്പീശനും. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് രമ്യ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. രമ്യയുടെ കഥാപാത്രത്തെ കാണിച്ചുള്ള വൈറസിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഹണീ ബി 2 ആണ് (അതിഥി വേഷം) രമ്യ നമ്പീശന് അവസാനമായി അഭിനയിച്ച മലയാള സിനിമ. ജൂണ്‍ ഏഴിനാണ് ആഷിഖ് അബു ചിത്രം വൈറസ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ വിവിധ പോസ്റ്ററുകള്‍ ഇതിനോടകം പുറത്തുവിട്ടു കഴിഞ്ഞു.
Read More: നിപ്പയെ അതിജീവിച്ച കേരളം: ഭീതിയുടെ നാളുകളെ ഓര്‍മ്മപ്പെടുത്തി ‘വൈറസ്’ ട്രെയിലര്‍
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന് ശ്യാം സംഗീതവും സൈജു ശ്രീധരന് എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്.