തങ്ങളുടെ സൗഹൃദം എത്രത്തോളം വിലപ്പെട്ടതാണെന്ന് പറയുകയാണ് നടിമാരായ രമ്യ നമ്പീശനും ഭാവനയും. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. രമ്യ നമ്പീശന്റെ പുതിയ ചിത്രം ‘കുഹുകു’വിന് ആശംസകളുമായാണ് ഇത്തവണ ഭാവന എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ രമ്യ തന്നെ പാടിയിരിക്കുന്ന ‘കുഹുകു’ എന്ന ഗാനത്തിന് താളംപിടിച്ചാണ് ഭാവന പ്രിയപ്പെട്ട കൂട്ടുകാരിക്ക് വിജയാശംസകള്‍ നേര്‍ന്നിരിക്കുന്നത്. പുതിയ പാട്ട് ഇഷ്ടപ്പെട്ടെന്നും എല്ലാവിധ ആശംസകളും നേരുന്നു എന്നും ഭാവന വീഡിയോയില്‍ പറയുന്നു. രമ്യ നമ്പീശന് തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഓര്‍മവച്ച കാലം മുതല്‍ തനിക്കൊപ്പമുള്ള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവനയെന്ന് രമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എല്ലാ പ്രതിസന്ധിയിലും ഉയര്‍ച്ച താഴ്ചകളിലും തന്റെ കൈപിടിച്ച് കൂടെനിന്ന, തനിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന സുഹൃത്താണ് ഭാവനയെന്നും രമ്യ പറഞ്ഞു. തനിക്കൊപ്പം നിൽക്കുന്നതിന് ഭാവനയ്ക്ക് നന്ദി പറയുന്നതായും രമ്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
രമ്യ നമ്പീശൻ എൻകോർ ഒരുക്കുന്ന കുഹുകുവിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സമൂഹമാധ്യമങ്ങളിൽ ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു. ടീസറിൽ രമ്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. വയനാടിനുള്ള സ്നേഹം എന്ന പേരിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. സിനിമാ രംഗത്തെ നിരവധി പേർ രമൃയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.