ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരങ്ങൾ. പഴയ ഓർമകളും ബാല്യകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ഓരോരുത്തരും. ഇക്കുറി തെന്നിന്ത്യൻ താരറാണിയും ബാഹുബലി ചിത്രങ്ങളിലെ ശിവകാമിയായി രാജ്യാന്തരതലത്തിൽ ശ്രദ്ധ കൈവരിക്കുകയും ചെയ്ത രമ്യ കൃഷ്ണയാണ് ഓർമകളിൽ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുന്നത്. താരത്തിന്റെ വളക്കാപ്പ് ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ.
ഫോട്ടോയുടെ പശ്ചാത്തലത്തിൽ ക്യാമറയും കയ്യിലേന്തി നിൽക്കുന്നത് അമ്മയാണെന്നും രമ്യ കുറിക്കുന്നു.
പെരിയമ്മമാർക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. രണ്ടുപേരും ഇപ്പോൾ ജീവനോടെ ഈ ഭൂമിയിൽ ഇല്ലെന്ന സങ്കടവും ചിത്രത്തിനൊപ്പം രമ്യ പങ്കുവയ്ക്കുന്നുണ്ട്.
Read more: ‘ഇതാണോ രാജമാതാ ശിവഗാമി ദേവി?’ രമ്യാ കൃഷ്ണയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു
പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ദക്ഷിണേന്ത്യൻ സിനിമയ്ക്ക് രമ്യകൃഷ്ണൻ എന്നത്. കരുത്തുറ്റ നിരവധിയേറെ കഥാപാത്രങ്ങളെയാണ് രമ്യ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 200ലേറെ ചിത്രങ്ങളിൽ ആണ് രമ്യ ഇതുവരെ അഭിനയിച്ചിരിക്കുന്നത്. എല്ലാ ഭാഷകളിലെയും ഒട്ടുമിക്ക മുൻനിരനായകന്മാർക്കൊപ്പവും രമ്യ സ്ക്രീൻ പങ്കിട്ടുണ്ട്.
13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴിൽ പുറത്തിറങ്ങിയ ‘വെള്ളൈ മനസു’ ആയിരുന്നു. രജനീകാന്ത് ചിത്രം ‘പടയപ്പ’യിലെ രമ്യയുടെ കഥാപാത്രം ആദ്യകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങൾ രമ്യ കൃഷ്ണന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് സമ്മാനിച്ചത്. രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രത്തിന് മറ്റൊരാളെയും സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത രീതിയിൽ രമ്യ ആ കഥാപാത്രങ്ങളെ അനശ്വരമാക്കി.
2003 ജൂൺ 12നായിരുന്നു തെലുഗു നടനായ കൃഷ്ണ വംശിയുമായുള്ള രമ്യയുടെ വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. തമിഴ്നാട് സ്വദേശിയായ രമ്യ വിവാഹത്തിനു ശേഷം ഹൈദരബാദിൽ സ്ഥിരതാമസമാക്കി.