/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2023/10/Mukesh-Ad.jpg)
കമ്പിളിപുതപ്പിന്റെ കടം വീട്ടി ഗോപാലകൃഷ്ണൻ
തലമുറകൾ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ എത്രയോ ഐക്കോണിക് സിനിമാ ഡയലോഗുകൾ നമുക്കുണ്ട്. ആർക്കു ലോട്ടറിയടിച്ചാലും മലയാളികൾ ആദ്യം ഓർക്കുക 'കിലുക്ക'ത്തിലെ കിട്ടുണ്ണി ചേട്ടനെയാണ്, "അടിച്ചു മോളേ" എന്ന ഡയലോഗ് മലയാളികൾ അവരുടെ ലോട്ടറി സൗഭാഗ്യത്തിനായി റിസർവ് ചെയ്തു വച്ചിരിക്കുകയാണ്.
അതുപോലെ, പണിയോ ഏണിയോ ഒക്കെയാവാൻ സാധ്യതയുള്ള ഫോൺകോളുകൾക്കു മുന്നിൽ നമ്മളെത്ര തവണ 'ഗോപാലകൃഷ്ണൻ കളിച്ചിരിക്കുന്നു', "കേൾക്കുന്നില്ല/ കമ്പിളിപ്പുതപ്പേ കമ്പിളിപ്പുതപ്പേ" എന്ന ഡയലോഗിന്റെ ആനുകൂല്യത്തോടെ സാഹചര്യങ്ങളെ സരസമായി നേരിട്ടിരിക്കുന്നു! അത്രയേറെ മലയാളികൾക്ക് പരിചിതമാണ് സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത 'റാംജി റാവ് സ്പീക്കിംഗി'ലെ (1989) "കമ്പിളിപ്പുതപ്പേ കമ്പിളിപ്പുതപ്പേ…'' എന്ന ഡയലോഗും ആ കഥാസന്ദർഭവും.
അമ്മയെ ഫോണിൽ വിളിക്കുന്ന ഗോപാലകൃഷ്ണനോട് ഹോസ്റ്റൽ വാർഡൻ ആവശ്യപ്പെട്ടത് ഒരു കെട്ട് കമ്പിളിപ്പുതപ്പായിരുന്നു. പക്ഷേ പ്രാരാബ്ധക്കാരനായ ഗോപാലകൃഷ്ണൻ സമർത്ഥമായി, ഒന്നും കേൾക്കുന്നില്ലെന്ന് ഭാവിച്ച് ആ വാർഡനെ പറ്റിച്ചു. എന്നാൽ, വർഷങ്ങൾക്കിപ്പുറം ആ കമ്പിളിപ്പുതപ്പിന്റെ കടം വീട്ടിയിരിക്കുകയാണ് ഗോപാലകൃഷ്ണൻ. സംഭവം സിനിമയിലല്ല, ഒരു പരസ്യചിത്രത്തിലാണെന്നു മാത്രം. എന്തായാലും ഹോസ്റ്റൽ വാർഡനെ അവതരിപ്പിച്ച അമൃതം ടീച്ചർ ഹാപ്പിയാണ്. ഇല്ലോളം താമസിച്ചാലെന്താ, ഗോപാലകൃഷ്ണൻ കമ്പിളിപ്പുതപ്പ് എത്തിച്ചല്ലോ!
സുന്ദരമായ ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകനായ റജിൻ എസ്. ബാബു ആണ്. 'എല്ലാവർക്കും കാണും കൊടുക്കാൻ ബാക്കിവച്ച ചില കൊച്ചു സന്തോഷങ്ങൾ' എന്ന ഓർമ്മപ്പെടുത്തലോടെ അവസാനിക്കുന്ന പരസ്യം ഒരു ചെറുചിരിയോടെയല്ലാതെ നമുക്കു കണ്ടുതീർക്കാനാവില്ല.
/indian-express-malayalam/media/media_files/uploads/2023/10/Mukesh-Amrutham-Teacher.jpg)
ഈ ലോകത്ത് മുകേഷിനും അമൃതം ടീച്ചർക്കും മാത്രം അഭിനയിക്കാൻ സാധിക്കുന്ന ആ പരസ്യചിത്രത്തിലേക്ക് എത്തിച്ചേർന്നതിനെ കുറിച്ച് റജിൻ എസ് ബാബു ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോടു പറഞ്ഞു.
"എന്റെ 'പെൻഡുലം' എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ് മിഥുൻസ് മണി മാർക്കറ്റിന്റെ പ്രൊപ്പൈറ്റർ മിഥുൻ. ട്രേഡിംഗിനെ കുറിച്ചു പഠിപ്പിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആണത്. 'പെൻഡുലം' ഇറങ്ങി കഴിഞ്ഞു മിഥുൻ എന്നോട് അവരുടെ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയൊരു പരസ്യം ചെയ്യാമോ എന്നു ചോദിച്ചു. ഞാൻ ഒന്നു രണ്ടു ഐഡിയ ഒക്കെ പറഞ്ഞു, അതിനിടയിൽ ഒരുദിവസം ടിവി വെച്ചപ്പോൾ അതിൽ 'റാംജി റാവ് സ്പീക്കിംഗ്' ഓടി കൊണ്ടിരിക്കുകയാണ്. ആ സീൻ കണ്ടപ്പോൾ പെട്ടെന്നൊരു സ്പാർക്ക് വന്നു. ജീവിതത്തിൽ നമുക്ക് വീട്ടാൻ പറ്റാതെ പോയ ചില കടങ്ങളുണ്ടാവുമല്ലോ? അന്ന് ഗോപാലകൃഷ്ണൻ വാർഡന്റെ ആ ആഗ്രഹം സാധിച്ചു കൊടുക്കാതെ പോയത് അയാളുടെ അവസ്ഥ കാരണമാണ്. പിന്നീട് ഗോപാലകൃഷ്ണൻ ജീവിതത്തിൽ രക്ഷപ്പെട്ടല്ലോ, അപ്പോൾ ഇങ്ങനെയൊരു തിരിച്ചുവരവിനു സാധ്യതയില്ലേ? എന്നു തോന്നി. ഞാൻ ഐഡിയ പറഞ്ഞപ്പോൾ മിഥുനും ഇഷ്ടപ്പെട്ടു. മുകേഷേട്ടനോട് ആശയം പറഞ്ഞപ്പോൾ ആൾക്കും വലിയ സന്തോഷമായി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു, ഏതാണ്ട് ഒരാഴ്ച കൊണ്ട് ഷൂട്ടു കഴിഞ്ഞു." റജിൻ പറയുന്നു.
"ഏറ്റവും ബുദ്ധിമുട്ട് അമൃതം ടീച്ചറുടെ കോൺടാക്റ്റ് നമ്പർ കിട്ടാനായിരുന്നു. അവരെ കുറിച്ചുള്ള വിവരങ്ങൾ എവിടെയും ഇല്ലായിരുന്നു. യൂട്യൂബിൽ എവിടെയോ ഒരിടത്ത് അവരെ കുറിച്ചുള്ള പ്രോഗ്രാം കണ്ടു. ആ യൂട്യൂബറിൽ നിന്നും നമ്പർ സംഘടിപ്പിച്ചു, വിളിച്ചു. 'റാംജി റാവു സ്പീക്കിംഗ്,' 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്നിങ്ങനെ ഏതാനും സിനിമകളിലൊക്കെ അവർ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ 'അള്ള് രാമേന്ദ്രനി'ലും ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. 85 വയസ്സുണ്ട് അമൃതം ടീച്ചർക്ക്. ആലപ്പുഴക്കാരിയാണ്. പക്ഷേ ആളിപ്പോഴും ചുറുചുറുക്കോടെ ഓടിനടപ്പാണ്. ഞാൻ വിളിക്കുമ്പോൾ ബോട്ടിലും ബസ്സിലും ഓട്ടോയിലുമൊക്കെ കയറി ഓരോ വീടുകളിൽ ചെന്ന് ഡാൻസൊക്കെ പഠിപ്പിച്ചു നടക്കുകയാണ് ആള്. പരസ്യത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവരും ഹാപ്പിയായിരുന്നു," റജിൻ കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2023/10/Mukesh.jpg)
"ഈ ലോകത്ത് എനിക്കു മാത്രം ചെയ്യാൻ പറ്റുന്ന സ്ക്രിപ്റ്റ്," എന്നാണ് മുകേഷ് ഈ പരസ്യചിത്രത്തെ വിശേഷിപ്പിക്കുന്നത്.
"പരസ്യത്തിന്റെ ആശയവുമായി ആദ്യം റെജിൻ വന്നപ്പോൾ, ട്രേഡിംഗ് റിലേറ്റഡ് പരസ്യമാണെന്നു പറഞ്ഞപ്പോൾ ഞാനാദ്യമൊന്നു സംശയിച്ചു. ഞാനൊരു എംഎൽഎ ആയതുകൊണ്ട് ഫിനാൻസുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെയൊക്കെ കാര്യത്തിൽ സൂക്ഷിക്കേണ്ടതുണ്ടെന്നു പറഞ്ഞു. 'ഇല്ല ചേട്ടാ, ഇത് അങ്ങനെ പ്രശ്നമുള്ള പരസ്യമൊന്നുമല്ലെന്ന്,' പറഞ്ഞാണ് റെജിൻ പരസ്യത്തിന്റെ ആശയം പറയുന്നത്. ആശയം പറഞ്ഞപ്പോൾ, ഈ ലോകത്ത് എനിക്കു മാത്രം ചെയ്യാൻ പറ്റുന്ന സ്ക്രിപ്റ്റാണിത്, വേറെ ആർക്കും ചെയ്യാൻ പറ്റില്ലെന്നു എനിക്കു ബോധ്യപ്പെട്ടു. ആ ആശയത്തിനകത്തെ ബ്രില്ല്യൻസ് എനിക്കു ഇഷ്ടപ്പെട്ടു. എന്റെ സന്തോഷത്തിനപ്പുറം, അമൃതം ഗോപിനാഥ് എന്ന ആർട്ടിസ്റ്റിനെ തിരികെ കൊണ്ടുവരിക കൂടിയായിരുന്നു ഈ പരസ്യം. 1989ൽ ഇറങ്ങിയ സിനിമയാണ്, ആ ചിത്രത്തിലെ രണ്ടു ആർട്ടിസ്റ്റുകളെ ഒന്നിച്ച് സ്ക്രീനിൽ കൊണ്ടുവന്ന്, അതിനൊരു തുടർച്ച നൽകി ഒരു പരസ്യം ചെയ്യുക എന്നു പറയുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്," മുകേഷ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
"ഇത്രയും കൊല്ലമായിട്ടും 'എടാ ഗോപാലകൃഷ്ണാ' എന്നു വിളിക്കുമ്പോൾ അത് മനസ്സിലാവാത്ത മലയാളികളില്ല എന്നത് ആ സിനിമയുടെ ഗ്രിപ്പും ആ കഥയുടെയും കഥാപാത്രങ്ങളുടെയും ഡെപ്ത്തുമാണ് കാണിക്കുന്നത്. നമ്മളിങ്ങനെ ഒരു പരസ്യമൊക്കെ എടുത്തു കഴിഞ്ഞിട്ട്, ആളുകൾ ഇതേതു ഗോപാലകൃഷ്ണൻ എന്നു ചോദിച്ചാൽ തീർന്നില്ലേ! ഇവിടെ പക്ഷേ കൊച്ചു കുട്ടികൾക്കു പോലും മനസ്സിലാവും എന്നതാണ് ഈ പരസ്യത്തിന്റെ വലിയ അച്ചീവ്മെന്റായി തോന്നിയത്," മുകേഷ് കൂട്ടിച്ചേർത്തു.
'റാംജി റാവു സ്പീക്കിംഗി'ലേക്ക് അമൃതം ടീച്ചർ എത്തിപ്പെട്ടതും ഒരു നിയോഗം പോലെയാണ്. 'ഒരായിരം കിനാക്കൾ' എന്ന പാട്ട് ചിട്ടപ്പെടുത്താൻ ചെന്നതായിരുന്നു അമൃതം ടീച്ചർ. സംവിധായകൻ സിദ്ദിഖാണ് ഹോസ്റ്റൽ വാർഡന്റെ വേഷം അഭിനയിക്കാമോ എന്നു ചോദിക്കുന്നത്. ഒരൊറ്റ സീനിൽ വന്നുപോവുന്ന ആ കഥാപാത്രമാവട്ടെ, മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നായി മാറുകയും ചെയ്തു.
"പരസ്യത്തിന്റെ കാര്യം റജിൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഓകെയായിരുന്നു. പിന്നെ, മുകേഷിനൊപ്പം റാംജി റാവു സ്പീക്കിംഗ്, മക്കൾ മാഹാത്മ്യം എന്നിങ്ങനെ രണ്ടു മൂന്നു ചിത്രങ്ങളിലൊക്കെ ഞാൻ മുൻപ് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കിടിലം പരിപാടിയിൽ പങ്കെടുത്തപ്പോഴും മുകേഷിനെ കണ്ടു. അന്ന് പക്ഷേ മുകേഷിനു പെട്ടെന്ന് എന്നെ മനസ്സിലായില്ല. ഞാൻ ഡാൻസ് കോസ്റ്റ്യൂം ഒക്കെയിട്ടായിരുന്നു മുന്നിൽ ചെന്നത്. ഞാൻ ഇന്നയാളാണ് എന്നു പറഞ്ഞു സംസാരിച്ചപ്പോൾ, 'അയ്യോ, ചേച്ചിയായിരുന്നോ! കമ്പിളിപുതപ്പ്,' എങ്ങനെ മറക്കാനാണ് എന്നൊക്കെ പറഞ്ഞു സ്നേഹത്തോടെ കെട്ടിപ്പിടിച്ച് സംസാരിച്ചു," അമൃതം ടീച്ചർ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.
'വേലക്കാരൻ' (1953) എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു അമൃതം ടീച്ചറുടെ അരങ്ങേറ്റം. തിക്കുറുശ്ശി, കെ ജി ശ്രീധരൻനായർ എന്നിവർ അഭിനയിച്ച ചിത്രമായിരുന്നു ഇത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും ചിത്രത്തിലുണ്ടായിരുന്നു. അമൃതം ഗോപിനാഥന്റെ ഗുരുനാഥൻ രാമുണ്ണിയായിരുന്നു ആ സിനിമയുടെ നൃത്തസംവിധായകൻ. 'ശരിയോ തെറ്റോ,' 'ഈണം മറന്ന കാറ്റ്,' 'പൊലീസ് ഡയറി,' 'മക്കൾ മാഹാത്മ്യം' എന്നീ ചിത്രങ്ങളിലും അമൃതം അഭിനയിച്ചിട്ടുണ്ട്. 'തച്ചോളി അമ്പു,' 'മാമാങ്കം' എന്നിങ്ങനെ 14 മലയാളം ചിത്രങ്ങൾക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തു. 'ബാക്ക് വാട്ടർ' എന്ന ഇംഗ്‌ളീഷ് ചിത്രത്തിനും 'ഓട്ടോഗ്രാഫ്' എന്ന തെലുങ്ക് ചിത്രത്തിനും നൃത്തമൊരുക്കി.
ആലപ്പുഴയിൽ 'നൃത്യതി' എന്ന ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് അമൃതം ടീച്ചർ. ഡാൻസ് സ്‌കൂളിന് നൃത്യതി' എന്ന പേരു നൽകിയത് കാവാലം നാരായണപ്പണിക്കരാണ്. മന്ത്രി വീണാ ജോർജ്, ജലജ, കുഞ്ചാക്കോ ബോബൻ, മങ്ക മഹേഷ് എന്നിവരൊക്കെ അമൃതം ടീച്ചറുടെ ശിഷ്യരാണ്.
"പത്താം വയസ്സിലാണ് കുഞ്ചാക്കോ ബോബൻ ഡാൻസ് പഠിക്കാൻ എന്റെയടുത്തു വരുന്നത്. കുഞ്ചാക്കോ ബോബൻ്റെ അരങ്ങേറ്റം കാണാൻ പ്രേംനസീറും ശ്രീവിദ്യയുമൊക്കെ വന്നിരുന്നു. ഇപ്പോഴും വലിയ അടുപ്പമാണ് കുഞ്ചാക്കോ ബോബന്. 'അനിയത്തിപ്രാവ്' റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ എനിക്കൊരു സ്വർണവളയൊക്കെ വാങ്ങി തന്നു. ഞാൻ മുടി തോളൊപ്പം വെട്ടിയപ്പോൾ മുതൽ ആളെന്നെ ഇന്ദിരാഗാന്ധി എന്നാണ് വിളിക്കുന്നത്," പ്രിയ ശിഷ്യനെ കുറിച്ച് അമൃതം ടീച്ചർ പറയുന്നു.
തൃപ്പുണിത്തുറ ആർ. എൽ.വി കോളേജ് പ്രൊഫസറായിരുന്ന ഗോപിനാഥ മേനോൻ ആണ് അമൃതം ടീച്ചറുടെ ഭർത്താവ്. സംഗീതാ മേനോൻ, സബിതാ മേനോൻ, സന്ധ്യാ മേനോൻ, സന്തോഷ് മേനോൻ എന്നിവർ മക്കളാണ്.
85-ാം വയസ്സിലും കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന തിരക്കിലാണ് ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട അമൃതം ടീച്ചർ. കുട്ടികളെ ഡാൻസ് പഠിപ്പിച്ചും മറ്റും ഓടിനടക്കുന്ന അമൃതം ടീച്ചറോട് ആരെങ്കിലും പ്രായത്തെ കുറിച്ചു ചോദിച്ചാൽ, "പ്രായമോ? എനിക്കോ? ഞാനിപ്പോഴും എന്നെ 'കുമാരി അമൃതം' എന്നാണ് വിളിക്കുന്നത്," എന്നു പറഞ്ഞ് ഒരു ചിരി ചിരിക്കും ടീച്ചർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.