യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിൽ മാർക്സിനെ മുതൽ ഗോവിന്ദൻ മാഷിനെ വരെ പരിഹസിച്ച് രമേഷ് പിഷാരടി നടത്തിയ പ്രസംഗം വേദിയിൽ വൻ കൈയ്യടി നേടുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മാർക്സ്, ഇ പി ജയരാജൻ, എം വി ഗോവിന്ദൻ, ജാഥയിൽ പങ്കെടുക്കാത്തവർക്ക് തൊഴിൽ നൽകില്ലെന്ന പറഞ്ഞതായുള്ള വാട്സ്ആപ്പ് സന്ദേശം, എ ഐ കാമറ, കെ റെയിൽ, അപ്പം വിൽപ്പന വാദം, ഇൻഡിഗോ വിവാദം, കംപ്യൂട്ടർ സമരം എന്നിങ്ങനെ പഴയതും പുതിയതുമായ വിവാദങ്ങളിൽ സി പി എമ്മിനെയും നേതാക്കളെയും ഓരോ വാക്കിലും പരിഹസിച്ചാണ് രമേഷ് പിഷാരടി യൂത്ത് കോൺഗ്രസ് വേദിയിൽ നിർത്താതെ കൈയ്യടി നേടിയത്. ആദ്യാവസാനം സി പി എം നേതാക്കളെ പരിഹസിക്കുന്ന പിഷാരടിയുടെ പ്രസംഗം വേദിയിലിരിക്കുന്ന നേതാക്കളും അണികളും തുടക്കം മുതൽ അവസാനം വരെ ചിരിയോടെയും കൈയ്യടിയോടെയുമാണ് കേട്ടത്.
പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കും നിയമസഭ തിരഞ്ഞെടുപ്പിലേക്കും വലിയ ദൂരവും സമയവുമില്ലാത്തതു കൊണ്ട് നമ്മുടെ സമയം വിലപ്പെട്ടതാണെന്ന് കരുതി വേദിയിലിരിക്കുന്നവർക്കും സദസ്സിലിരിക്കുന്നവർക്കും ഒറ്റ വാക്കിൽ നമസ്കാരം. ദീർഘമായി സംസാരിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് പിഷാരടി പ്രസംഗത്തിലേക്ക് കടന്നത്.
“എന്നെ വിളിച്ചപ്പോൾ എനിക്കൊന്നും സംസാരിക്കാനില്ലെന്ന് അറിഞ്ഞിട്ടും നിങ്ങൾ കയ്യടിച്ചതിൽ സന്തോഷമുണ്ട്. കാരണം, ഇത് വളരെ ആത്മാർത്ഥമായ കയ്യടിയാണ്. കാരണം ഇത് ഇവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് കണ്ടും കേട്ടും സ്വന്തം വാഹനത്തിലും ബസ്സിലുമൊക്കെ കയറി ഇവിടെ വന്നിരിക്കുന്ന ആൾക്കാരാണ്. അല്ലാതെ, വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടു വന്ന ആൾക്കാരല്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.
ഇനിയിപ്പോ നിങ്ങൾ കയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല, കാരണം നിങ്ങൾ അങ്ങനെ ചെയ്യാതിരിക്കുമ്പോൾ നാളെ അവനിട്ടൊരു പണി കൊടുക്കാമെന്ന് ചിന്തിക്കുന്ന ആളുകൾ ഇവിടെയില്ലെന്നും എനിക്ക് ഉറപ്പാണ്.
എനിക്കും കലമഹാസനുമൊരു സാമ്യതയുണ്ട്. കാരണം ഞങ്ങൾ രണ്ടു പേരും മാത്രമാണ് സിനിമാമേഖലയിൽ നിന്ന് സധൈര്യം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്, ബാക്കിയുള്ളവർക്ക് ചെറിയ പേടിയൊക്കെയുണ്ടാകും.
എന്റെ കൂട്ടുകാരനുണ്ട്, അവന് എന്നോട് വലിയ സ്നേഹമാണ്. ഇലക്ഷൻ അടുത്ത സമയത്ത് തുടർഭരണം എന്ന വാക്കൊക്കെ കറങ്ങി നടക്കുന്ന സമയത്താണ് ഞാൻ പ്രചരണത്തിനിറങ്ങിയത്. അവൻ എന്നെ വിളിച്ചിട്ട് ചോദിച്ചു, നീ എന്താണ് ഓടി പോയി കോൺഗ്രസ്സിൽ ചേർന്നതെന്ന്. ഞാൻ പറഞ്ഞു ചേർന്നതല്ല, പണ്ടേയുണ്ട് കലാലയ സമയത്തൊക്കെ കെ എസ് യുവിനു വേണ്ടി മിമിക്രി കാണിക്കാനൊക്കെ പോയിട്ടുണ്ട്. അവൻ ചോദിച്ചു ഇപ്പഴെന്താണ് അങ്ങനെയൊരു ആവശ്യമെന്ന്. നോക്കൂ, ഇവിടെ എനിക്ക് മുൻപ് പ്രസംഗിച്ചവർ പറഞ്ഞ പല കാര്യങ്ങളും, അതുപോലെ 50-60 വർഷങ്ങൾ കൊണ്ട് ഇത്രയധികം വോട്ട് നേടിയ ഒരു പാർട്ടി ലോകത്തെവിടെയുമില്ല. ഇങ്ങനെയൊരു പ്രസ്ഥാനം രാജ്യത്തുള്ളപ്പോൾ വേറെ ഏതു പാർട്ടിയ്‌ക്കൊപ്പമാണ് ഞാൻ നിൽക്കണ്ടത്. അത് എന്റെ കടമയല്ലേ. നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ആശയം എന്താണെന്നാണ് അവൻ അടുത്തതായി ചോദിച്ചത്, ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുമാണ് കോൺഗ്രസ് പാർട്ടിയുടെ ആശയമെന്ന് ഞാൻ പറഞ്ഞു. അല്ലാതെ, 100- 150 വർഷം മുൻപ്, ഇന്ന് നമ്മൾ ഈ ജീവിക്കുന്ന ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാതിരുന്ന കാലത്ത് ഒരാൾ എഴുതിയ ഒരൊറ്റ ബുക്കും കെട്ടിപിടിച്ചോണ്ടിരുന്ന്, അത് നാളെയാകും മറ്റന്നാളാകും ഒരിക്കൽ സ്വർഗ്ഗം വരും എന്ന് ചിന്തിച്ചിരിക്കാൻ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു,” പരിഹാസം തുടർന്നു പിഷാരടി.
“പക്ഷേ, നിങ്ങളുടെ പാർട്ടി കേഡർ പാർട്ടിയല്ലെന്നായി അവന്റെ അടുത്ത വാദം. അപ്പോൾ ഞാൻ പറഞ്ഞു ശരിയാണ് അല്ല. എന്താണ് കേഡർ പാർട്ടി? മുകളിൽ നിന്ന് എന്തെങ്കിലും താഴേയ്ക്കു പറഞ്ഞാൽ അത് അനുസരിക്കും. ഞാൻ ചോദിച്ചു തിരിച്ചെന്തെങ്കിലും പറയാൻ പറ്റുമോ, അവൻ പറഞ്ഞ് ഏയ് ഇല്ലെന്ന്. നമ്മളോട് ഇങ്ങോട്ട് വാ എന്നു പറഞ്ഞാൽ ഇങ്ങോട് വരണം, അങ്ങോട്ട് പോ എന്ന് പറഞ്ഞാൽ അങ്ങോട് പോണം. രാവിലെ ഉറങ്ങി എഴുന്നേറ്റിട്ട് ഇത് രാത്രിയാണെന്ന് പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കണം. എന്നാണ് കേഡറിന്റെ ഒരു പ്രധാന സിസ്റ്റം. ഇത് സമ്മതിക്കാതെ പെരുമാറുന്ന ആൾക്കാരെ നിങ്ങൾ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ അവരെ ഞങ്ങൾ വർഗ്ഗ ശത്രുക്കളായി പ്രഖ്യാപിക്കുമെന്നും പിന്നെ അതു കഴിഞ്ഞിട്ട് വേറെ കുറച്ച് പരിപാടി കൂടിയുണ്ടെന്ന് അവൻ പറഞ്ഞു.”
ശരിയാണ് കോൺഗ്രസിനു ഒരു പ്രശ്നമുണ്ടെന്ന് ഞാൻ പറഞ്ഞു, കാരണം കോൺഗ്രസിന് അംഗങ്ങളുണ്ട്, അണികളുണ്ട് പക്ഷേ, അടിമകളില്ല എന്നു ഞാൻ പറഞ്ഞു. അടിമത്വത്തിനെതിരെ ഏറ്റവും കൂടുതൽ പോരാടിയത് ഞങ്ങളുടെ പാർട്ടിയാണെന്നായി അവന്റെ മറുപടി. പിന്നെയൊന്നും ഞാൻ പറയാൻ പോയില്ല. ലോകത്ത് എന്തു നല്ല കാര്യം നടന്നാലും അതു ഞങ്ങളുടെയാണെന്ന് അവർ പറയും. അതുകൊണ്ട് ഞാൻ വെറുതെ തർക്കിക്കാൻ നിന്നില്ല.
പിന്നെയും അവൻ പറഞ്ഞു നിനക്കിപ്പോൾ സിനിമയുണ്ട്, ടിവിയുണ്ട്, സ്റ്റേജ് ഷോയുണ്ട്. ചിലപ്പോൾ ഇതിനെയെല്ലാം നീ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ബാധിക്കാൻ സാധ്യതയുണ്ട്. എവിടെയെങ്കിലും സ്റ്റേജിൽ നിന്ന് തമാശ പറഞ്ഞാൽ പോരെ നിനക്ക് എന്നായി അവന്റെ ചോദ്യം. അതിനും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. ഇപ്പോൾ തമാശ പറയാൻ പറ്റാത്തൊരു കാലമാണ്, കാരണം നമുക്കെതിരെ മത്സരത്തിനു വന്നേക്കുന്നത് വലിയ നേതാക്കളാണ്. അവരുടെ അടുത്ത് തമാശ പറഞ്ഞ് ജയിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നായിരുന്നു എന്റെ മറുപടി. ഉദാഹരണത്തിന്, ഞാനൊരു സ്റ്റേജിൽ കയറി, എന്റെ ഒരു തമാശ വരുന്നതിനു മുൻപ് ആകാശത്തു കൂടി ഒരു വിമാനം പറന്നു പോയി. വിമാനം കണ്ടപ്പോൾ ആൾക്കാരെല്ലാം പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ഞാൻ വിചാരിച്ചു വിമാനത്താവളത്തിനെതിരെ നടത്തിയ സമരത്തെ കുറിച്ച് ആലോചിച്ചായിരിക്കും ഇവർ ചിരിക്കരുതെന്ന്. ആ വിമാനം താഴ്ന്നു പറക്കുകയാണ്, അതിൽ ഇൻഡിഗോ എന്ന് എഴുതി വച്ചിട്ടുണ്ട്. ഇതു കണ്ടയുടനെ ആളുകൾ പൊട്ടിപ്പൊട്ടിച്ചിരിക്കുകയാണ്. ഞാൻ കൈ കൊണ്ട് അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആക്ഷൻ കാണിച്ച് ആളുകളെ ശാന്തരാക്കി. എന്നിട്ട് ഞാൻ അവരോട് പറഞ്ഞു ഇപ്പോൾ ട്രെയിനിന്റെ ശബ്ദം അനുകരിക്കാൻ പോകുകയാണെന്ന്. ട്രെയിനെന്ന് കേട്ടയുടനെ അവർ പിന്നെയും ചിരിക്കാൻ തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങളിപ്പോ ചിരിക്കണ്ട ഞാൻ തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന്. അപ്പം കേട്ടയുടനെ അവർ വീണ്ടും ചിരിച്ചു. അതാണ് ഞാൻ പറഞ്ഞത് ഈ മേഖലയിൽ ടൈറ്റ് മത്സരമാണ്.
പിന്നെ, എന്റെ കൂട്ടുകാരൻ നിങ്ങൾക്കിടയിൽ ഗ്രൂപ്പ് തർക്കമില്ലേയെന്ന് ചോദിച്ചു, എ ഗ്രൂപ്പൂം ഐ ഗ്രൂപ്പും തമ്മിൽ പ്രശ്നമല്ലേയെന്നായി അവന്റെ വാദം. ഇവിടെയൊരു എയും ഐയും ചേർത്തു വച്ച ക്യാമറ ഉണ്ടാക്കിയ പ്രശ്നമൊന്നും കോൺഗ്രസിൽ ഉണ്ടായിട്ടില്ലെന്ന് ഞാൻ പറഞ്ഞു. ഇങ്ങനെയെല്ലാം എതിർത്തു പറഞ്ഞാൽ എന്നെ സൈബർ അറ്റാക്ക് ചെയ്യുമെന്നായി അവൻ. പണ്ട് കംപ്യൂട്ടറിനെതിരെ സമരം ചെയ്തത് വിജയിച്ചിരുന്നെങ്കിൽ ഇങ്ങനെയാരു സ്പേസ് പോലും ഉണ്ടാകുമായിരുന്നില്ലല്ലോ. ഇപ്പോഴും കംപ്യൂട്ടറിനോടുള്ള ദേഷ്യം മാറിയിട്ടില്ല അതാണ് ഇടയ്ക്ക് നിമയസഭയിലെ കംപ്യൂട്ടറൊക്കെ എടുത്തെറിഞ്ഞത്,” നിയമസഭാ കൈയ്യാങ്കളിയെ പരിഹസിച്ച് പിഷാരടി പറഞ്ഞു.