അഭിനേതാവ്, അവതാരകൻ, അധ്യാപകൻ എന്നതിനൊക്കെ അപ്പുറം ഒരു ഗായകൻ എന്ന നിലയിൽ കൂടി ശ്രദ്ധിക്കെപ്പെട്ടിട്ടുള്ളയാണ് നടൻ ജഗദീഷ്. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയുടെ ഓരോ എപ്പിസോഡ് പോലും ആരംഭിക്കുന്നത് അതിലെ വിധികർത്താവായ ജഗദീഷിന്റെ ഗാനത്തിൽ നിന്നാണ്. ഏതൊരു ഗാനവും പൂർണ ആത്മവിശ്വാസത്തോടെ വളരെ ആസ്വദിച്ചു പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ജഗദീഷിന്റെ പാട്ടുകൾ പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മിമിക്രി താരങ്ങളും ട്രോളന്മാരും ഏറ്റെടുത്തിട്ടുള്ളത് കൂടിയാണ് ജഗദീഷിന്റെ പാട്ടുകൾ. രമേശ് പിഷാരടി ഉൾപ്പെടെയുള്ള താരങ്ങൾ ജഗദീഷിന്റെ പാട്ടിനെ അനുകരിച്ചും ട്രോളിയും വേദികളിൽ ചിരിപടർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ ജഗദീഷിന് മുന്നിൽ നിന്ന് തന്നെ ഒരു ഗാനം ആലപിച്ചിരിക്കുകയാണ് രമേശ് പിഷാരടി.
രമേശ് പിഷാരടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഗാനത്തിന്റെ വീഡിയോ പങ്കുവച്ചത്. “അതും ജഗദീഷേട്ടന്റെ മുന്നിൽ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. “ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി” എന്ന് തുടങ്ങുന്ന മനു അങ്കിൾ സിനിമയിലെ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്ന് ആലപിച്ച ഗാനമാണ് രമേശ് പിഷാരടി പാടിയിരിക്കുന്നത്. മഴവിൽ മനോരമയിലെ ‘പണം തരും പടം’എന്ന ഷോയുടെ വേദിയിലായിരുന്നു ഗാനം.
ജഗദീഷിന് മുന്നിൽ പിഷാരടി പാടുന്നത് ആരാധകരും രസകരമായാണ് എടുത്തിരിക്കുന്നത്. ‘ഇത്രേം ധൈര്യം ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളെ’ന്നാണ് ഒരാളുടെ കമന്റ്. ‘അണ്ണൻ സൊഡക്ക് മേലെ പാടിയാൽ തീരുന്ന പ്രശ്നമേ ഉള്ളു, ജഗദീഷേട്ടന് മൈക്ക് കൊടുത്താൽ വീഡിയോ ട്രെൻഡിങ്ങിൽ പോയേനെ അങ്ങനെ പോകുന്നു മറ്റുള്ളവരുടെ കമന്റുകൾ.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത അവസാന ചിത്രം. നായകനായി ‘നോ വേ ഔട്ട്’, സിബിഐ 5 എന്നി ചിത്രങ്ങളിലൂടെയും രമേശ് പിഷാരടി അടുത്തിടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.