ക്രിസ്മസ് ദിനത്തിൽ നക്ഷത്രങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. നക്ഷത്രങ്ങൾ വേറാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമാണ്. ഇവർക്കൊപ്പം അവതാരകൻ മിഥുൻ രമേഷുമുണ്ട്. കുറച്ച് ദിവസങ്ങളായി മഞ്ജുവിന്റെ യാത്രാചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇറ്റലി യാത്രയിലാണ് താരങ്ങളെന്നാണ് വ്യക്തമാകുന്നത്.
ഡിസംബർ മിസ്റ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നും താരങ്ങളുടെ ഒരു സംഘം തന്നെ അടുത്തിടെ ജെറുസലേമിൽ എത്തിയിരുന്നു.അതിന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബനും എത്തിയതെന്നാണ് കരുതുന്നത്. നീരജ് മാധവ്, ടൊവിനോ തോമസ് എന്നിവരാണ് ഇതിനു മുൻപ് ഈ പരിപാടിക്കായി അവിടെയെത്തിയ താരങ്ങൾ. പിഷാരടി പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മഞ്ജുവിന്റെ പോസ് ഗംഭീരമായിരിക്കുന്നു എന്നാണ് ആരാധകന്റെ കമന്റ്. യാത്രയ്ക്കിടയിൽ ബത്ലഹേം വീഥികളിൽ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
മഞ്ജുവും ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘യാത്രകളെ അളക്കുന്നത് സുഹൃത്തുക്കളെവച്ചാണ് അല്ലാതെ ദൂരം അടിസ്ഥാനമാക്കിയല്ല’ എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്.
അജിത്തിനൊപ്പം എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ മഞ്ജു. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുനിവ്’. വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നിവയാണ് അജിത്-വിനോദ് കൂട്ടുക്കെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ‘തുനിവ്’ നിർമിക്കുന്നത്. ‘ആയിഷ’,’വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങൾ.