ക്യാപ്ഷന്‍ കിങ്ങ് എന്നു സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്ന താരമാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വ്യത്യസ്തമായ അടിക്കുറിപ്പുകള്‍ തന്റെ പോസ്റ്റുകള്‍ക്കു നല്‍കുന്നതു രമേഷിന്റെ ഒരു വിനോദമാണ്. മക്കള്‍ക്കൊപ്പം രമേഷ് പങ്കുവച്ച ചിത്രവും അതിനു താഴെ നല്‍കിയിരിക്കുന്ന അടിക്കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ ഇവര്‍ മൂന്നു പേരെയും കൊണ്ടു തോറ്റു പോയതാണു ഞാന്‍’ എന്നാണ് രമേഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. മൂന്നു മക്കളും അച്ഛനും ഒരുമിച്ചുളള ഫൊട്ടൊ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘ പൊരുതി തോറ്റാല്‍ അങ്ങു പോട്ടേന്നുവയ്ക്കണം, തോല്‍ക്കാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി’ തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.രമേഷ് അഭിനയിച്ച ‘നോ വേ ഔട്ട്’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ സിനിമയെക്കുറിച്ചുളള കുട്ടികളുടെ അഭിപ്രായം ഉള്‍പ്പെടുന്ന വീഡിയോ ഏറെ വൈറലായിരുന്നു.
മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്ത ‘ സിബിഐ 5’ ആണ് രമേഷിന്റെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം. ടെലിവിഷനിലും നിറസാന്നിധ്യമായ രമേഷ് അമൃത ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ ഫണ്‍സ് അപ്പ് ഓണ്‍ എ ടൈം’ എന്ന ഷോയുടെ വിധികര്‍ത്താവും പ്രൊഡ്യൂസറുമാണ്. ‘കേക്ക് റീല്‍സ്’ എന്ന പേരില്‍ ഒരു സ്ഥാപനവും രമേഷ് ആരംഭിച്ചിട്ടുണ്ട്.’ചിരി പുരണ്ട ജീവിതങ്ങള്‍’ എന്ന ഒരു പുസ്തകവും രമേഷ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.