നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരകഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോൻ. ടി വി സീരിയലൂകളിലൂടെയാണ് അനൂപിന്റെ കരിയർ ആരംഭിക്കുന്നത്. 2002 ൽ പുറത്തിറങ്ങിയ ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെ അനൂപ് സിനിമാലോകത്തെത്തി. പിന്നീട് അനവധി ചിത്രങ്ങളിലൂടെ അനൂപ് തന്റെ സ്ഥാനം നേടിയെടുത്തു. ‘പത്മ’, ‘കിങ്ങ് ഫിഷ്’ എന്ന ചിത്രങ്ങൾ അനൂപ് സംവിധാനവും ചെയ്തിട്ടുണ്ട്. അനൂപ് ചെയ്യുന്ന ചിത്രങ്ങൾക്കെല്ലാം മത്സ്യങ്ങളുമായി ബന്ധമുണ്ടെന്ന രസകരമായ കണ്ടുപിടിത്തം സോഷ്യൽ മീഡിയ നടത്തിയിരുന്നു.
‘അക്വാട്ടിക്ക് മാൻ ഓഫ് മോളിവുഡ്’ എന്നാണ് അനൂപിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ദി ഡോൾഫിൻ, കിങ്ങ് ഫിഷ്, വരാൽ അങ്ങനെ നീളുന്നു അനൂപിന്റെ മത്സ്യത്തിന്റെ പേരുകളുള്ള ചിത്രങ്ങൾ. ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ ഇതെല്ലാം ആസ്വദിക്കുന്നുണ്ട് എന്ന തരത്തിൽ അനൂപ് പ്രതികരിക്കുകയുമുണ്ടായി. രമേഷ് പിഷാരടി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഷാജോൺ, അനൂപ് മേനോൻ, ബൈജു എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പിഷാരടി ഷെയർ ചെയ്തത്. ‘സംതിങ്ങ് ഫിഷി, തിമിംഗല വേട്ട’ എന്നാണ് അടികുറിപ്പ്.
വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. നാടൻ വരാൽ മുതൽ തിമിംഗലം വരെ എന്റെ കയ്യിലുണ്ടെന്ന് അനൂപ് മേനോൻ, അക്വാട്ടിക്ക് യൂണിവേഴ്സ് അങ്ങനെ നീളുന്നു കമന്റുകൾ. ‘തിമിംഗല വേട്ട’ എന്ന ചിത്രത്തിൽ ഇവരെല്ലാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘നാൽപതുക്കാരന്റെ ഇതുപത്തൊന്നുക്കാരി’യാണ് അനൂപിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം. അതിലെ ‘കാരി’എന്ന പ്രയോഗം വച്ചും ഒരുപാട് ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.