സംവിധായകനും അവതാരകനും, നടനും മിമിക്രിതാരവുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളെക്കാൾ ഹിറ്റാണ് അതിന് അദ്ദേഹം നൽകുന്ന ക്യാപ്ഷൻ. തമാശകളുടെ ഹോൾസെയിൽ കടയെന്ന് സംശയമില്ലാതെ വിളിക്കാൻ പിഷാരടിയെ. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്.

ഇക്കുറി കുട്ടിപ്പട്ടാളത്തിനൊപ്പമിരുന്ന് ക്യാരംസ് കളിക്കുന്നതിന്റെ ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. പിഷാരടിയും ചുറ്റും കുറേ കുട്ടികളും. അതിന്റെ ക്യാപ്ഷനോ ആറാം തമ്പുരാനിൽ മോഹൻലാൽ പറയുന്ന ഡയലോഗ്. ‘ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാ’ എന്ന്. പിഷാരടിക്ക് മറുകമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

കളിയിൽ പിഷാരടിയുടെ ടീമിൽ ഉള്ള മറ്റൊരാൾ ആ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയാണ്. ഇതു കണ്ട സൗബിന്‍ ഷാഹിറും പിഷാരടിയുടെ പോസ്റ്റിന് രസകരമായ ഒരു കമന്റ് നൽകിയിട്ടുണ്ട്. “പാർട്‌ണർ പൊളിയായതുകൊണ്ട് ജയിക്കും,” എന്നാണ് സൗബിന്റെ കമന്റ്. കുട്ടികളെ പറ്റിച്ച് ജീവിക്കുകയാണോ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്.

Read More: ലോണടയ്ക്കാൻ ഇല്ലാത്തതായിരുന്നു കുട്ടിക്കാലത്തിന്റെ സൗന്ദര്യമെന്ന് നടൻ; ക്യാപ്ഷൻ സിംഹമേ എന്ന് സോഷ്യൽ മീഡിയ

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook