രമേശ്‌ പിഷാരടിയുടെ സംവിധാന സംരംഭമായ ‘പഞ്ചവര്‍ണ്ണതത്തയുടെ പശ്ചാത്തല സംഗീതം ഒരുങ്ങുകയാണ്. സംഗീത സംവിധായകന്‍ ഔസേപ്പച്ചനോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച് രമേശ്‌ അറിയിച്ചതാണീ വിവരം.  അതിന്‍റെ കൂടെ  രമേശ്‌ ഇങ്ങനെയും കൂടി കുറിച്ചു.

“നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട അദ്ദേഹത്തിന്‍റെ ഒരു ഗാനം കമന്റ് ചെയ്യുക, ശേഷം സർപ്രൈസ് !!!!!!!” എന്ന്. ഔസേപ്പച്ചനോടൊപ്പം നിന്നപ്പോള്‍ തോന്നിയ ഒരു കൗതുകമാണ് എന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

‘ഉണ്ണികളേ ഒരു കഥപറയാം’, ‘താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ’, ‘നീ എന്‍ സർഗ്ഗ സൗന്ദര്യമേ’, ‘താരും തളിരും മിഴി പൂട്ടീ’ എന്നിങ്ങനെ തങ്ങള്‍ക്കു ഏറ്റവും പ്രിയപ്പെട്ട ഔസേപ്പച്ചന്‍ ഗാനങ്ങള്‍ കുറിക്കുന്നതിനിടെ പിഷാരടിയുടെ ‘സര്‍പ്രൈസ്’ എന്തായിരിക്കും എന്നതിനെ ചൊല്ലിയും പോസ്റ്റിനു താഴെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

“എന്നിട്ട് ആ പാട്ട് കോമഡി സ്റ്റാര്‍സില്‍ ജഗദീഷിനെക്കൊണ്ട് പാടിക്കാനല്ലേ, കൊന്നാലും പറയൂല്ല”, “എന്നിട്ട് ഏറ്റവും കൂടുതൽ കമന്റസ് വരുന്ന പാട്ട് എടുത്ത് ഈ പടത്തിൽ റീമിക്സ് ചെയ്യാനല്ലേ. പഴയ പാട്ടൊക്കെ റീമിക്സ് ചെയ്യുന്നത് ഇപ്പോൾ ഒരു ഫാഷൻ അല്ലെ”

“അണ്ണാ ക്യാഷ് വല്ലോം ആണെങ്കിൽ ഞമ്മക്ക് തന്നെ തരണേ ac നമ്പർ മെസേജ് ഇട്ടേക്കാം ഇച്ചിരി വല്യ ടൈറ്റിലാ”, “പിഷു, ഒരു സംശയം ഇത്രയും കമന്റുകൾ ഞൊടിയിടയിൽ ലൈക്ക് ചെയ്യുന്നത് എങ്ങിനെയാണ്? എന്താണ് അതിന്‍റെ ടെക്നിക്…?”, ഇങ്ങനെ പോകുന്നു പോസ്റ്റിന്‍റെ പ്രതികരണങ്ങള്‍. സര്‍പ്രൈസ് എന്താണ് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല പിഷാരടി.

മണിയൻപിള്ള രാജുവാണ്‌ ‘പഞ്ചവർണ്ണതത്ത’ എന്നാണ്. കുഞ്ചാക്കോ ബോബനും ജയറാമുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക. പാട്ടുകൾക്ക് പ്രധാന്യം നൽകുന്ന ചിത്രമായിരിക്കും എന്ന് രമേഷ് പിഷാരടി ചിത്രം പരിചയപ്പെടുത്തുന്ന വേളയില്‍ പറഞ്ഞിരുന്നു. എം.ജയചന്ദ്രനാണ് ചിത്രത്തിലെ മൂന്ന് ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്‍. പ്രദീപ് നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്ഥമായ ഒരു അവതരണ ഗാനം ഉണ്ടെന്നും ഇത് നാദിർഷയായിക്കും ചെയ്യുക എന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. ഈ ഗാനമാണോ റീമിക്സ് ചെയ്യപ്പെടുക എന്ന് കാത്തിരുന്നു കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook