തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം ഒരു ചിരിയ്ക്കോ ചിന്തയ്ക്കോ ഉള്ള കോള് സൂക്ഷിച്ചുവയ്ക്കുന്ന ഒരാളാണ് നടനും സംവിധായകനും അവതാരകനുമായ പിഷാരടി. സോഷ്യൽ മീഡിയയ്ക്ക് പിഷാരടി ക്യാപ്ഷൻ സിംഹമാണ്. രസകരമായ ക്യാപ്ഷനുകളാണ് പിഷാരടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് നൽകാറുള്ളത്.
ഇപ്പോഴിതാ പുതിയൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് പിഷാരടി. “എന്റെ ജീവിതം മാറ്റിമറിച്ച വ്യക്തി” എന്നാണ് പിഷാരടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ക്യാപ്ഷൻ കണ്ട് പിഷാരടിയെ സ്വാധീനിച്ച ആരെങ്കിലും ആണ് ചിത്രത്തിൽ എന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റി. പിഷാരടി സ്വന്തം ചിത്രത്തിനാണ് ഇത്തരത്തിൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ക്യാപ്ഷൻ സിംഹത്തിന്റെ പോസ്റ്റിനു രസകരമായ കമന്റുകളാണ് ആരാധകരും നൽകുന്നത്. “ആരും പൊക്കി പറയാൻ ഇലത്തത് കൊണ്ട് സ്വയം പറയുകയാ”ണെന്ന് ആണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ചിലർ ആദരാഞ്ജലികളും, “നല്ല മനുഷ്യനായിരുന്നു” എന്നും കമന്റ് ചെയ്യുന്നുണ്ട്. “ഇയാളെ എനിക്ക് അറിയാം”, “ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്” എന്നും ചിലരുടെ കമന്റുകൾ കാണാം. രണ്ടു മിനിറ്റ് ചിരിച്ചു എന്നാണ് ഒരു ആരാധകന്റെ കമന്റ്.
കൃഷ്ണപ്രഭ, ജ്യോത്സ്ന, രചന നാരായണൻകുട്ടി, ഐശ്വര്യ ലക്ഷ്മി, അലക്സാണ്ടർ പ്രശാന്ത് തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
നവാഗതനായ നിതിൻ ദേവീദാസ് സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട്” എന്ന ചിത്രത്തിലാണ് രമേശ് പിഷാരടി ഇനി അഭിനയിക്കുന്നത്. ചിത്രത്തിൽ നായകനായാണ് പിഷാരടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
Also read: ഇത് സ്പെഷ്യലാണ്; പൃഥ്വിക്കും ജയംരവിക്കും ഒപ്പമുള്ള ചിത്രവുമായി കനിഹ
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.