ക്യാപ്ഷൻ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യൽ മീഡിയ വിളിക്കുന്നത്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകൾ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, രമേഷ് പിഷാരടിയും ഭാര്യ സൗമ്യയും മൂന്നു മക്കളും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ എന്ന പുതിയ പരിപാടിയിലാണ് സകുടുംബം രമേഷ് പിഷാരടി എത്തിയത്.
Read more: ഭാര്യയ്ക്ക് പ്രായമാകുന്നു എന്ന് പിഷാരടി; ഈയിടെ ഇംഗ്ലീഷ് ഇത്തിരി കൂടുന്നുവെന്ന് ആരാധകർ
പരിപാടിയുടെ ജഡ്ജ്മാരിൽ ഒരാൾ കൂടിയാണ് രമേഷ് പിഷാരടി. വളരെ അപൂർവമായേ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പോലും പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളൂ. ഇത്തവണ കുടുംബസമേതം രമേഷ് പിഷാരടിയെ വേദിയിൽ കിട്ടിയപ്പോൾ കുഴക്കുന്ന ചോദ്യങ്ങളുമായാണ് മത്സരാർത്ഥികൾ പിഷാരടിയേയും ഭാര്യയേയും നേരിട്ടത്.
സ്റ്റേജിൽ കാണുന്ന പോലെ തന്നെയാണോ പിഷാരടി വീട്ടിലും എന്നായിരുന്നു ഒരു മത്സരാർത്ഥിയുടെ ചോദ്യം. നേരെ ഓപ്പോസിറ്റാണ് എന്നാണ് സൗമ്യ നൽകിയ മറുപടി. മത്സരാർത്ഥികളും രഞ്ജിനിയുമെല്ലാം ചോദ്യശരങ്ങളാൽ നേരിട്ടപ്പോൾ, “ഇവര് തിരിച്ചും മറിച്ചും പലതും ചോദിക്കും, നമ്മള് പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവൂ,” എന്നായിരുന്നു സൗമ്യയ്ക്ക് പിഷാരടി നൽകിയ ഉപദേശം. രസകരമായ വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.