രമേഷ് പിഷാരടിയും ധർമ്മജും ഒത്തുചേരുമ്പോൾ അതിൽ ഒരു ചിരിക്കുള്ള കോളുണ്ടാവും. ഏഷ്യാനെറ്റിലെ ‘ബ്ലഫ് മാസ്റ്റേഴ്സ്’ കാലം മുതൽ തുടങ്ങിയ ആ കൂട്ടുക്കെട്ടിൽ മലയാളി പ്രേക്ഷകർക്കെല്ലാം എന്നും ഏറെ പ്രതീക്ഷയാണ്. ഇപ്പോഴിതാ, ധർമ്മജനൊപ്പമുള്ള രസകരമായൊരു വീഡിയോ പങ്കുവയ്ക്കുകയാണ് പിഷാരടി. സ്പാനിഷ് ടെലിവിഷൻ പരമ്പരയായ ‘മണി ഹെയ്സ്റ്റ്’ സീരീസിലൂടെ ഹിറ്റായ ‘ചാവോ ബെല്ല ചാവോ ബെല്ല’ ഗാനത്തിന്റെ വരികൾ പാടുന്ന പിഷാരടിയേയും ധർമ്മജനേയുമാണ് ഈ ട്രോൾ വീഡിയോയിൽ കാണാൻ സാധിക്കുക.
“സ്പെയിനിലും പിടിയുള്ള പ്രൊഫസർ ഫെഡറിക്കും സംഘവും,” എന്ന ക്യാപ്ഷനോടെയാണ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ് വേദിയിൽ രമേഷ് പിഷാരടിയും ധർമജനും നടത്തിയ ഏറെ ജനപ്രീതി നേടിയ കച്ചേരി വീഡിയോയുമായി ‘ചാവോ ബെല്ല’ ഗാനം സംയോജിപ്പിച്ചിരിക്കുന്നത് ഫിറോസ് (കിടിലൻ ഫിറോസ്) ആണ്.
Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി
ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസ്സിൽ അഡ്രിനാലിൻ ജമ്പ് സൃഷ്ടിച്ച ഒന്നാണ് ‘ചാവോ ബെല്ല’ എന്ന ഗാനം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി പടയാളികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനായി രൂപം കൊണ്ടതാണ് നമ്മൾ ഇന്ന് കേൾക്കുന്ന ‘ചാവോ ബെല്ല’ ഗാനത്തിന്റെ യഥാർത്ഥ രൂപം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാകെ തരംഗമായ ഈ ഗാനമാണ് ‘മണി ഹെയ്സ്റ്റ്’ പരമ്പരയിലൂടെ ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നത്. പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായാണ് ഈ ഗാനം ആലപിക്കുന്നത്.