തമാശകളുടെ ഹോൾസെയിൽ കടയാണ് പലപ്പോഴും രമേഷ് പിഷാരടി. എന്തു പറയുമ്പോഴും ഒരിത്തിരി നർമം കൂടി അതിൽ കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതുകൊണ്ട് തന്നെ പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് ആവേശമാണ്. എല്ലാ ചിത്രങ്ങൾക്കൊപ്പവും കാണും, ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷൻ. പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ചിന്തിപ്പിക്കുന്നത്. വലിയൊരു തിരിച്ചറിവാണ് പിഷാരടി പങ്കുവയ്ക്കുന്നത്. “വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു, ലോൺ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതൽ സുന്ദരമാക്കിയത്,” എന്നാണ് തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് പിഷാരടി കുറിക്കുന്നത്.

പതിവു പോലെ രസകരമായ കമന്റുകളാണ് പിഷാരടിയുടെ പുതിയ പോസ്റ്റിനും ലഭിക്കുന്നത്. കലങ്ങാത്തവർ ഒന്നിൽ കൂടുതൽ പ്രാവശ്യം വായിച്ച്‌ കലക്കിയെടുക്കേണ്ട അവസ്ഥയാണല്ലോ മനുഷ്യാ എന്നാണ് ഒരു കമന്റ്. ക്യാപ്ഷൻ സിംഹമേ, ഏതോ പഴയ ആൽബം കിട്ടിയെന്നു തോന്നുന്നു എല്ലാം കുത്തിപൊക്കികൊണ്ടു വരികയാണല്ലോ, ബാല്യത്തിൽ കിട്ടാത്ത ലോൺ, ഇപ്പോൾ എടുത്ത് മുടിച്ചോളൂ എന്നിങ്ങനെ പോവുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ.

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

View this post on Instagram

കാതോട് കാതോരം

A post shared by Ramesh Pisharody (@rameshpisharody) on

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook