നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ പിറന്നാളാണ് ഇന്ന്. പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പിഷാരടി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള പിറന്നാളാഘോഷ ചിത്രങ്ങളാണ് പിഷാരടി പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ തന്റെ പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളിൽ പങ്കാളികളാവുകയും ആശംസ നേരുകയും എല്ലാം ചെയ്തവർക്ക് പിഷാരടി നന്ദി പറയുകയും ചെയ്യുന്നുണ്ട്.
“നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല; ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നൽകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാൻ ഈ ജന്മം മതിയാകാതെ വരും..പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവർ,സഹപ്രവർത്തകർ, സുഹൃത്തുക്കൾ, മാധ്യമങ്ങൾ,സർവോപരി പ്രേക്ഷകർ അങ്ങനെ അങ്ങനെ ഓരോരുത്തർക്കും നന്ദി, ” പിഷാരടി കുറിച്ചു.
മമ്മൂട്ടി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് പിഷാരടി ഈ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചത്.
കുഞ്ചാക്കോ ബോബനും ജീവിത പങ്കാളി പ്രിയ കുഞ്ചാക്കോ ബോബനും പിറന്നാളിന് തനിക്ക് സമ്മാനിച്ച കേക്കിന്റെ വിശേഷങ്ങൾ പിഷാരടി പങ്കുവച്ചിരുന്നു.
“പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,” എന്ന കുറിപ്പോടെയാണ് കേക്കിന്റെ ഫൊട്ടോ പിഷാരടി പങ്കുവച്ചത്.
പക്ഷിയും ഓന്തും മരവും ഇലയുമൊക്കെ നിറഞ്ഞ കേക്കാണ് അവർ സമ്മാനിച്ചത്. “ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന സന്ദേശത്തോടെയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്.
പക്ഷിമൃഗാദികളോട് ഒക്കെ ഏറെ സ്നേഹമുള്ള വ്യക്തിയാണ് രമേഷ് പിഷാരടി. പിഷു എന്ന് കൂട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന രമേഷ് പിഷാരടിയുടെ പക്ഷി പ്രേമം സിനിമാലോകത്തും പ്രശസ്തമാണ്. പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘പഞ്ചവർണ്ണതത്ത’യിലും നിറഞ്ഞു നിന്നത് പക്ഷികളും മൃഗങ്ങളുമൊക്കെയായിരുന്നു.
Read More: പിഷാരടിയ്ക്ക് ചാക്കോച്ചനും പ്രിയയും നൽകിയ ഏടാകൂടം കേക്ക്