നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ പിറന്നാളാണ് ഇന്ന്. പ്രിയ കൂട്ടുകാരന്റെ പിറന്നാളിന് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും സമ്മാനിച്ച കേക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പക്ഷിമൃഗാദികളോട് ഒക്കെ ഏറെ സ്നേഹമുള്ള വ്യക്തിയാണ് രമേഷ് പിഷാരടി.
പിഷു എന്ന് കൂട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന രമേഷ് പിഷാരടിയുടെ പക്ഷി പ്രേമം സിനിമാലോകത്തും പ്രശസ്തമാണ്. പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘പഞ്ചവർണ്ണതത്ത’യിലും നിറഞ്ഞു നിന്നത് പക്ഷികളും മൃഗങ്ങളുമൊക്കെയായിരുന്നു.
പിഷുവിനുള്ള പിറന്നാൾ കേക്കിലും പക്ഷിയും ഓന്തും മരവും ഇലയുമൊക്കെയാണ് നിറയുന്നത്. “ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന സന്ദേശത്തോടെയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്.
“പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,” കേക്ക് കയ്യിൽ കിട്ടിയ പിഷാരടി കുറിക്കുന്നു. ചങ്ങാതിയെ ആശയക്കുഴപ്പത്തിലാക്കുന്ന ചാക്കോച്ചന്റെയും പ്രിയയുടെയും ഈ ‘ഏടാകൂടം’ കേക്ക് എന്തായാലും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു.
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. “മുറിക്കണ്ട അതേപടി ഫ്രിഡ്ജിൽ വെച്ചേക്ക്. കൊല്ലങ്ങൾ കഴിഞ്ഞാൽ പിഷു രാജാവിന് കുഞ്ചാക്കോ രാജാവ് പിറന്നാളിന് കൊടുത്ത പ്രകൃതിരമണീയമായ പുരാവസ്തു കേക്ക് ആണെന്ന് പറഞ്ഞു നമുക്ക് പ്രമുഖർക്ക് വിൽക്കാം,” എന്നാണ് ഒരാളുടെ കമന്റ്.