തമാശകളുടെ ഹോൾസെയിൽ കടയാണ് നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്.
ഇക്കുറി തങ്ങളുടെ പത്താം വിവാഹ വാർഷികത്തിന് ഭാര്യ സൗമ്യയോടൊപ്പമുള്ള ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
അടുത്തിടെ രമേഷ് പിഷാരടിയും ഭാര്യ സൗമ്യയും മൂന്നു മക്കളും ഒന്നിച്ചുള്ളൊരു വീഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ എന്ന പുതിയ പരിപാടിയിലാണ് സകുടുംബം രമേഷ് പിഷാരടി എത്തിയത്.
പരിപാടിയുടെ ജഡ്ജ്മാരിൽ ഒരാൾ കൂടിയാണ് രമേഷ് പിഷാരടി. വളരെ അപൂർവമായേ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പോലും പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളൂ. ഇത്തവണ കുടുംബസമേതം വേദിയിൽ കിട്ടിയപ്പോൾ കുഴയ്ക്കുന്ന ചോദ്യങ്ങളുമായാണ് മത്സരാർത്ഥികൾ പിഷാരടിയേയും ഭാര്യയേയും നേരിട്ടത്.
സ്റ്റേജിൽ കാണുന്ന പോലെ തന്നെയാണോ പിഷാരടി വീട്ടിലും എന്നായിരുന്നു ഒരു മത്സരാർത്ഥിയുടെ ചോദ്യം. നേരെ ഓപ്പോസിറ്റാണ് എന്നാണ് സൗമ്യ നൽകിയ മറുപടി. മത്സരാർത്ഥികളും രഞ്ജിനിയുമെല്ലാം ചോദ്യശരങ്ങളാൽ നേരിട്ടപ്പോൾ, “ഇവര് തിരിച്ചും മറിച്ചും പലതും ചോദിക്കും, നമ്മള് പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവൂ,” എന്നായിരുന്നു സൗമ്യയ്ക്ക് പിഷാരടി നൽകിയ ഉപദേശം.
View this post on Instagram
മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.