/indian-express-malayalam/media/media_files/uploads/2023/08/mammootty-1-1.jpg)
മമ്മൂട്ടി- കുഞ്ചൻ സൗഹൃദത്തെ കുറിച്ച് പിഷാരടി
മമ്മൂട്ടിയുമായും കുടുംബവുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് നടൻ കുഞ്ചൻ. വർഷങ്ങളോളം മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു കുഞ്ചൻ. പനമ്പള്ളി നഗറിലെ കുഞ്ചന്റെ വീടിന്റെ മേൽവിലാസം തന്നെ മമ്മൂട്ടിയുടെ വീടിന്റെ എതിർവശത്തെ ധാരാളം പൂക്കളും ചെടികളുമുള്ള വീട് എന്നതാണ്. മമ്മൂട്ടിയുമായുള്ള വർഷങ്ങൾ പഴക്കമുള്ള ആത്മബന്ധത്തെ കുറിച്ചും പല അവസരങ്ങളിലും കുഞ്ചൻ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ, അയൽക്കാരനും പ്രിയപ്പെട്ട സുഹൃത്തുമായ കുഞ്ചന് മമ്മൂട്ടി സമ്മാനിച്ച വിലകൂടിയൊരു മദ്യത്തിന്റെ കഥ പറയുകയാണ് രമേഷ് പിഷാരടി.
"മമ്മൂക്കയ്ക്ക് വർഷങ്ങൾക്കു മുൻപ് ആരോ റോയൽ സല്യൂട്ട് മദ്യത്തിന്റെ കുപ്പി കൊണ്ടു കൊടുത്തു. മമ്മൂക്ക കുടിക്കാത്ത ആളായതു കൊണ്ട് അദ്ദേഹം അത് അയൽക്കാരനായ കുഞ്ചൻ ചേട്ടനു കൊടുത്തു. മമ്മൂക്ക തന്നതായതു കൊണ്ട് കുഞ്ചൻ ചേട്ടൻ അതെടുത്തു സൂക്ഷിച്ചുവച്ചു. വലിയ വിലയുള്ള മദ്യമാണത്," രമേഷ് പിഷാരടി പറയുന്നു.
"ഞാൻ ഇതുവരെ അതു പൊട്ടിച്ചുനോക്കുക പോലും ചെയ്യാതെ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. 36 വർഷമായി," പിഷാരടിയുടെ കഥ ശരിവച്ചുകൊണ്ട് കുഞ്ചൻ പറയുന്നതിങ്ങനെ.
ഈ കാര്യത്തെ കുറിച്ച് എപ്പോഴും പരാതി പറയുന്ന ഒരാൾ കൂടിയുണ്ട്, അതു മണിയൻപിള്ള രാജുവാണെന്നും പിഷാരടി പറയുന്നു. "ആ കുഞ്ചനു കൊടുത്തതു കാരണം ഒരു പ്രയോജനമില്ലാതെപോയി. എന്നും ഇതാണ് രാജു ചേട്ടന്റെ കംപ്ലെയിന്റ്."
പനമ്പിള്ളി നഗറില്‍ ആദ്യം വീടുവെച്ചത് കുഞ്ചനാണ്. പിന്നീട് അയല്‍ക്കാരനായി മമ്മൂട്ടിയും കുടുംബവും എത്തുകയായിരുന്നു. "മമ്മൂക്ക എന്റെ സുഹൃത്താണ്. അദ്ദേഹവുമായുള്ള ആത്മബന്ധം വളരെക്കാലം മുന്‍പ് തുടങ്ങിയതാണ്. അദ്ദേഹവും ഞാനും അയൽവാസികളാണ്. എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠന്റെ മകളാണ് അദ്ദേഹത്തിന്റെ പത്നി സുലു. അവരെയും ചെറുപ്പം മുതലേ കാണുന്നതാണ്. കൊച്ചിയിലെ വീടിരിക്കുന്ന സ്ഥലം ഞാനാണ് അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നത്. അങ്ങനെ മമ്മൂക്ക വാങ്ങുകയായിരുന്നു. എന്റെ ഭാര്യയും സുലുവും നല്ല സുഹൃത്തുക്കളാണ്," മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ കുഞ്ചൻ പറഞ്ഞതിങ്ങനെ.
പനമ്പള്ളിയിലെ ഈ വീട്ടിലല്ല മമ്മൂട്ടിയും കുടുംബവും ഇപ്പോൾ താമസം. കോവിഡ് കാലത്താണ് താരവും കുടുംബവും എളംകുളത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. എന്നിരുന്നാലും, ഇപ്പോഴും കുഞ്ചന്റെ കൊച്ചിയിലെ മേൽവിലാസം മമ്മൂട്ടിയുടെ അയൽക്കാരൻ എന്നതു തന്നെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.