മെഗാസ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്നയാളാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഷൂട്ടിംഗുമായി ബന്ധപ്പെട്ടല്ലാത്ത മമ്മൂട്ടിയുടെ മിക്ക യാത്രകളിലും പലപ്പോഴും പിഷാരടിയും കൂടെയുണ്ടാവാറുണ്ട്. ‘ഗാനഗന്ധർവ്വൻ’ എന്ന രമേഷ് പിഷാരടി ചിത്രത്തിൽ നായകനായി എത്തിയതും മമ്മൂട്ടിയായിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാറിനൊപ്പമുള്ള ഒരു സെൽഫി ഷെയർ ചെയ്തിരിക്കുകയാണ് രമേഷ് പിഷാരടി. ‘തിരയും തീരവും താരവും’ എന്നാണ് ചിത്രത്തിന് രമേഷ് പിഷാരടി നൽകിയ ക്യാപ്ഷൻ.
രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. പതിവുപോലെ പിഷാരടിയുടെ ക്യാപ്ഷനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ ചിത്രത്തിനു താഴെ കാണാം.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നത്.