അമ്മയ്‌ക്ക്‌ പൃഥ്വിരാജിനെ അറിയാമോ..?
ഇല്ല.
ബിജു മേനോനെ അറിയാമോ?
ഇല്ല.
ഏത്‌ സിനിമക്ക്‌ വേണ്ടിയാണ്‌ ഈ പാട്ട്‌ പാടിയത്‌ എന്നറിയുമോ?
ഇല്ല. എന്റെ ആണോ?

അയ്യപ്പനും കോശിയും’ സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മയുടെ ഡയലോഗ് ആണിത്. ഇതിനെ അനുകരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

പ്രായമായൊരു സ്ത്രീയോടൊപ്പം സംസാരിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രം. കൂടെ കൊടുത്ത അടിക്കുറിപ്പാണ് രസകരം.
“എനിക്ക് പ്രിത്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം……… നീ ഏതാടാ,” എന്നാണ് പിഷാരടി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. പിഷാരടിയുടെ ചിരിപ്പോസ്റ്റിന് കമന്റുമായി ഗായികമാരായ അഭയ ഹിരൺമയിയും രഞ്ജിനി ജോസും എത്തിയിട്ടുണ്ട്.

സിനിമ സൂപ്പർ ഹിറ്റാകുന്നതിന് മുന്നേ ഹിറ്റായതാണ് നഞ്ചിയമ്മയും അവരുടെ പാട്ടും. പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയും അവരുടെ പാട്ടും വൈറലായത്.

Read More: സേതുരാമയ്യർ കെെ പിറകിൽ കെട്ടിയതിനു പിന്നിൽ; രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

അട്ടപ്പാടി നക്കുപ്പതി പിരിവ് ഊര് സ്വദേശിയാണ് നഞ്ചിയമ്മ. 20 വർഷമായി ആട്ടവും പാട്ടുമായി നടക്കുന്ന ആളാണ് നഞ്ചിയമ്മ. ആദിവാസി നാടൻപാട്ട് ശൈലിയിലുള്ള പാട്ടുകളാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. കാലിവളർത്തി ജീവിക്കുന്ന നഞ്ചിയമ്മ വെളുത്തരാത്രികൾ, അഗ്ഗെദ് നായാഗ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും പാടിയിട്ടുണ്ട്.

ചിത്രത്തിലെ ടൈറ്റിൽ പാട്ടായ “കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാൻ പോകിലാമ്മ..” എന്ന പാട്ടിന്റെ വരികൾ കൃത്യമായി അറിയില്ലെങ്കിലും ഇപ്പോൾ എല്ലാവരുടേയും ചുണ്ടിൽ ഈ പാട്ടുണ്ട്. ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയിൽ നഞ്ചിയമ്മ എഴുതി, ഈണമിട്ട് പാടിയ പാട്ടാണിത്.

കഴിഞ്ഞ പത്ത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഗോത്ര കലാകാരന്മാരുടെ കൂട്ടായ്മയായ ആസാദ് കലാസമിതിയിലെ പ്രധാന അംഗമാണ് ഇവർ. സിനിമ അഭിനേതാവും ഗോത്ര വിഭാഗത്തിലെ കലാകാരനുമായ പഴണിസ്വാമിയുടെ നേതൃത്വത്തിലാണ് നഞ്ചിയമ്മ പാടി തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook