Latest News

30 വര്‍ഷം തികയ്ക്കുമ്പോള്‍ ഇരട്ടി മധുരമായ് എത്തിയ ദേശീയ പുരസ്‌കാരം: രമേഷ് നാരായണ്‍

നാടന്‍ സംഗീതം ലൈവ് ആയി റെക്കോര്‍ഡ്‌ ചെയ്തൊരുക്കിയ ‘Sword of Liberty’ലെ സൗണ്ട് ട്രാക്കിനെക്കുറിച്ച്, പ്രിയ ദാസേട്ടന്‍ പാടി അനശ്വരമാക്കിയ ‘വിശ്വാസപൂര്‍വ്വം മന്‍സൂറി’ലെ ഗാനത്തെക്കുറിച്ച്, ദേശീയ പുരസ്‌കാരം കൊണ്ട് വരുന്ന ഇരട്ടി മധുരത്തെക്കുറിച്ച്… സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ സംസാരിക്കുന്നു

ramesh narayanan

രമേഷ് നാരായണ്‍ എന്ന പ്രതിഭ സിനിമാ സംഗീതത്തിലേക്ക് പെയ്തിറങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങളാവുകയാണ്. ഹിന്ദുസ്ഥാനി സംഗീതത്തെ മലയാള സിനിമാ ലോകത്തേക്ക് വിളക്കിച്ചേര്‍ത്ത ഈ കലാകാരന് സന്തോഷിക്കാന്‍, ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍, മൂന്ന് ദശാബ്ദങ്ങളുടെ അനുഗ്രഹമായി കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌കാരവുമെത്തിയിട്ടുണ്ട്.

ഇരട്ടി മധുരമാണ് ഈ അവാര്‍ഡിന്. രമേഷ് നാരായണ്‍ സംഗീതം പകര്‍ന്ന ‘Sword of Liberty’ (സംവിധാനം. ഷൈനി ജേക്കബ്‌ ബെഞ്ചമിന്‍) എന്ന ചിത്രത്തിന് നോണ്‍-ഫീച്ചര്‍ വിഭാഗത്തിലുള്ള മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ രമേഷ് നാരായണ്‍ സംഗീതം പകര്‍ന്ന വിശ്വാസപൂര്‍വ്വം മന്‍സൂര്‍ (സംവിധാനം. പി ടി കുഞ്ഞുമുഹമ്മദ്‌) എന്ന ചിത്രത്തിലെ ‘പോയ്‌ മറഞ്ഞ കാലം’ ആലപിച്ച് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായി.

Ramesh Narayan with Yesudas 1
യേശുദാസ്, രമേഷ് നാരായണ്‍

നാടന്‍ സംഗീതം ലൈവ് ആയി റെക്കോര്‍ഡ്‌ ചെയ്തൊരുക്കിയ ‘Sword of Liberty’ലെ സൗണ്ട് ട്രാക്കിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങി.

“വേലുത്തമ്പി ദളവയുടെ ജീവിതം രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന ചിത്രമാണ് ‘Sword of Liberty’. ‘Folk’ ശൈലിയിലുള്ള സംഗീതം ചിത്രത്തില്‍ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്. തുള്ളൽ, വില്ലുപാട്ട്, തോൽപ്പാവക്കൂത്ത് എന്നീ കലാകാരന്മാരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിച്ചാണ് ഇതിന് സംഗീതം നൽകിയതും അതിനു വേണ്ട വാദ്യോപകരണങ്ങൾ തിരഞ്ഞെടുത്തതും.

String, folk തുടങ്ങിയ വാദ്യങ്ങളാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ re-recording സമയത്ത് പാശ്ചാത്യ രീതിയിലുള്ള ശൈലിയാണ് സ്വീകരിച്ചത്.  ലൈവ് ആർട്ടിസ്റ്റുകളെയാണ് കൂടുതലും ഉപയോഗിച്ചത്. 45 മിനിറ്റ് നീണ്ടു നിൽക്കുന്ന ഡോക്യുമെന്ററി/ഫിലിം പൂർത്തിയായതിനു ശേഷമാണ് അതിനു വേണ്ടി സംഗീതം ചിട്ടപ്പെടുത്തിയത്.”


വായിക്കാം: രണ്ടു ദേശീയ പുരസ്കാരങ്ങളുമായി ‘Sword of Liberty’

സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നതില്‍ തീര്‍ത്തും വ്യത്യസ്തമാണ് ഒരു നോണ്‍-ഫീച്ചര്‍ സംരംഭത്തിന് സംഗീത സംവിധാനം ചെയ്യുന്നത് എന്നും രമേഷ് നാരായണ്‍ അടിവരയിടുന്നു. അതോടൊപ്പം തന്നെ താന്‍ സംഗീതം പകര്‍ന്ന പി.ടി.കുഞ്ഞുമുഹമ്മദ്‌ ചിത്രം ‘വിശ്വാസപൂര്‍വ്വം മന്‍സൂറി’ലെ ഗാനത്തിന് പ്രിയ ദാസേട്ടന് ലഭിച്ച പുരസ്കാരത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

“സന്തോഷത്തോടെ ഞാൻ പറയും ഈ പുരസ്കാരത്തിന്‍റെ മുഴുവൻ ക്രെഡിറ്റും പി.ടി.സാബിനുള്ളതാണ്. എന്‍റെ സംഗീതത്തിനെക്കാൾ ഉപരി എനിക്ക് ആദ്യം പറയാനുള്ളത് ആ ഗാനത്തിന്‍റെ രചയിതാവിനെ കുറിച്ചാണ്. പ്രേംദാസ് ഗുരുവായൂർ ആണ് ഈ ഗാനം രചിച്ചത്. സാധാരണക്കാരനായ മനുഷ്യൻ, ജീവിതത്തിൽ കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന വ്യക്തി. അദ്ദേഹത്തിന്‍റെ കഴിവുകളെ ഉൾപ്പെടുത്താൻ തുനിഞ്ഞ പി.ടി.സാബിന്‍റെ മനസിനെ നമിക്കുന്നു. ഇങ്ങനെ എത്രയോ കലാകാരന്മാർ നമുക്കിടയിൽ ഉണ്ടാകാം. കിട്ടുന്ന ഒരവസരമാണ് പിന്നീട് ജീവിതത്തിലെ ഭാഗ്യമായി തീരുന്നത്.

ഈ വരികൾക്ക് സംഗീതം നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എന്‍റെ പാട്ട് ദാസേട്ടൻ പാടി എന്നതിലപ്പുറം അദ്ദേഹത്തിന്‍റെ വരികൾക്ക് ഞാൻ സംഗീതം നൽകി ദാസേട്ടൻ പാടി എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

റെക്കോർഡിങ് പൂർണമായി കഴിഞ്ഞിട്ടും വീണ്ടും ദാസേട്ടൻ വിളിച്ചു ചോദിച്ചു, ”ഒന്നുകൂടി മെച്ചപ്പെടുത്താനുണ്ട്, ഒരിക്കൽ കൂടി പാടിയാലോ?” എന്ന്. അത്ര മാത്രം സമർപ്പണബോധമുള്ള സംഗീതജ്ഞനാണ് ദാസേട്ടൻ. ഒരു പാട്ട് അതിന്‍റെ പൂർണതയിൽ എത്തുന്നത് ഒരു സംഗീത സംവിധായകന്‍റെ മാത്രം കഴിവല്ല. നമ്മൾ സംഗീതം നൽകുന്ന വരികളുടെ മേന്മയും, ആ വരികൾ പാടുന്ന ഗായകന്‍റെ അർപ്പണബോധവും പ്രധാനമാണ്.”

ഇപ്പോഴുള്ള പല ഗായകരും കണ്ടു പഠിക്കേണ്ട ഒന്നാണ് ദാസേട്ടന് സംഗീതത്തിനോടുള്ള ആത്മാർഥതയും തന്‍റെ സംഗീതം എന്നും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാനുള്ള അദ്ദേഹത്തിന്‍റെ നിതാന്ത പരിശ്രമവുമെന്നും രമേഷ് നാരായണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

Ramesh Narayan with Yesudas old
യേശുദാസില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന രമേഷ് നാരായണ്‍, മുന്‍കാല ചിത്രം

“നന്നായി പാടണമെന്ന് കരുതുന്ന കുട്ടികളാണ് ഇപ്പോഴുള്ളതെങ്കിലും സാധക ബലം, പാട്ടിനോടുള്ള സമർപ്പണം, പറഞ്ഞു കൊടുക്കുന്നത് മനസിലാക്കാനുള്ള കഴിവ് ഇതെല്ലാം ഇനിയും എത്രയോ മെച്ചപ്പെടാനുണ്ട്. അത് സ്വയം മനസിലാക്കി അതിനു വേണ്ടി പരിശ്രമിക്കണം. അതിനു പകരം ആധുനിക സാങ്കേതിക വിദ്യകൾ ഉണ്ടെന്ന ഉറപ്പിൽ, എങ്ങനെയെങ്കിലും പാടിയിട്ട് പോവുക എന്ന ശൈലി ഒട്ടും നന്നല്ല. ശരിയാണ് ഇന്നിപ്പോ ശ്രുതി തിരുത്താനും, ശബ്ദത്തിന് മിഴിവേകാനും സാങ്കേതിക വിദ്യകൾ ഒട്ടേറെയാണ്. പാട്ടു റെക്കോർഡ് ചെയ്തു കഴിഞ്ഞു കേൾക്കുമ്പോൾ ‘ആഹാ ! ഇത് ഞാൻ തന്നെയാണോ പാടിയത്’ എന്ന അതിശയവും സന്തോഷവും മാത്രമാണ് ബാക്കി. പക്ഷെ അക്ഷരാർത്ഥത്തിൽ അത് ഗായകരെ കൂടുതൽ ബലഹീനരാക്കുകയാണ് ചെയ്യുന്നത്, അവരുടെ കഴിവുകളെ മുരടിപ്പിക്കാനേ ഇത് സഹായിക്കൂ.  അവിടെയാണ് ദാസേട്ടനെ പോലെയുള്ള ഗായകര്‍ വ്യത്യസ്തരാവുന്നത്.

മിനുസപ്പെടുത്തുന്തോറും നന്നാവുന്ന ഒന്നാണ് കഴിവ്. ഇനിയും എങ്ങനെയൊക്കെ നന്നാക്കാൻ പറ്റും എന്ന ചിന്തയാണ് ഒരു കലാകാരനെ വളർത്തുന്നത്. ഒരു സോഫ്റ്റ്‌വെയർ കൊണ്ട് ശരി ആക്കിയത് കൊണ്ട് മെച്ചപ്പെടുന്ന ഒന്നല്ല അത്. ആവശ്യമില്ലാത്ത കൃത്രിമതയാണ് അവിടെ ഉണ്ടാകുന്നത്.

ദാസേട്ടന്‍റെ ഏറ്റവും വല്യ അനുഗ്രഹം എന്നത്, മികച്ച സംഗീത സംവിധായകരുടെ ഒപ്പം അദ്ദേഹത്തിന് പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്. എം.എസ്.വിശ്വനാഥൻ, ദക്ഷിണാമൂർത്തി സ്വാമി, ദേവരാജൻ മാഷ് തുടങ്ങി അതുല്യരായ സംഗീത സംവിധായകരുടെ ശിക്ഷണത്തിൽ വളർന്നു വന്ന ഗായകനാണ് അദ്ദേഹം. ആ ചിട്ടയും അർപ്പണ ബോധവും അദ്ദേഹം ഇന്നും കൈവിടാതെ സൂക്ഷിക്കുന്നുണ്ട്.”

പാട്ടിനു വേണ്ടി ഉണ്ടാകുന്ന പാട്ടുകൾ, ആർക്കോ വേണ്ടി എഴുതുന്ന വരികൾ – നമുക്ക് കവിതകളും പാട്ടുകളും നഷ്ടമാവുന്നു എന്നും ഈ കലാകാരന്‍ സങ്കടം പറയുന്നു.

“നല്ല ഗാനങ്ങൾ തീരെ ഇല്ല എന്നല്ല, പക്ഷെ നമുക്ക് ഒരു സുവർണ കാലഘട്ടമുണ്ടായിരുന്നു. അത് അപേക്ഷിച്ചു നോക്കുമ്പോള്‍ നമ്മൾ കലയുടെ നിലവാരത്തിൽ ഒരുപാട് പിന്നോക്കം പോയ പോലെയാണ് തോന്നുന്നത്. ഇപ്പൊഴുളള ഗാനങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവുന്ന ഒരു കാര്യമുണ്ട്, ശബ്ദവും ഈണവും ഒരേ അളവിൽ ഇഴുകി ചേർക്കുകയാണ് ചെയ്യുക. അവിടെ ഈണത്തിന്‍റെ പ്രാധാന്യം നഷ്ടപ്പെടുന്നു. ഉദ്ദേശിച്ച ഭാവം ഉണ്ടാവില്ല താനും.

നമ്മുടെ സംഗീതത്തിന്‍റെ ഏറ്റവും വല്യ പ്രത്യേകത അത് ഗമക പ്രധാനമാണ് എന്നുള്ളതാണ്. അതു കൊണ്ടു തന്നെ ചിലപ്പോഴെങ്കിലും ‘straight notes’ ഉപയോഗിക്കുമ്പോൾ നഷ്ടപ്പെടുന്നത് ആ ഈണത്തിന്‍റെ സത്തയാണ്.

ചില പാട്ടുകൾക്ക് അതു ചേരും എന്നാൽ മിക്കവാറും കാണുന്നത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന പാശ്ചാത്യ ശൈലികളാണ്. എന്തും അളവിന് അനുസൃതമാണെങ്കിൽ അത് നമുക്ക് ആസ്വദിക്കാനും കഴിയും. ‘Titanic’ എന്ന ചിത്രത്തിൽ ജെയിംസ് ഹോർണർ ചെയ്ത സംഗീതവും അത്തരത്തിലാണ്. കഥയുടെ സന്ദര്‍ഭത്തിന് അനുയോജ്യമായ മ്യൂസിക് ആണ് അതിൽ ഉടനീളം. ക്ലാസിക് സംഗീതത്തിന്‍റെ എല്ലാ മനോഹാരിതയും ഉൾപ്പെടുത്തുകയും അതിനൊപ്പം വേണ്ടിടത്ത് സംഗീതത്തിൽ മാറ്റങ്ങൾ വരുത്തി സന്ദര്‍ഭത്തിന് കൂടുതൽ ഭംഗി നൽകുകയും ചെയ്തിട്ടുണ്ട്.”, രമേഷ് നാരായണ്‍ അഭിപ്രായപ്പെട്ടു.

Ramesh Narayan with P T Kunjumihammad1
പി ടി കുഞ്ഞുമുഹമ്മദ്‌, രമേഷ് നാരായണ്‍

സിനിമയുടെ സംഗീതത്തെ സംബന്ധിച്ച്, ചിത്രത്തിന്‍റെ സംവിധായകനും വലിയ പങ്കുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.

“ഓരോ സംവിധായകരും ഓരോ തരത്തിലാണ് നമ്മളുമായി ഇടപെടുന്നത്. ഉദാഹരണത്തിന് പി.ടി.സാബ് കൂടെ വന്നിരിക്കും മ്യൂസിക് ചെയ്യുമ്പോൾ, ഓരോ ചെറിയ കാര്യവും ശ്രദ്ധിക്കുകയും ചെയ്യും. കമലിന് ഭാവമാണ് പ്രധാനം. ലെനിൻ സാറും തന്‍റെ സിനിമയിലെ സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആളാണ്. സന്ദര്‍ഭത്തിന് യോജിക്കുന്നത് തന്നെയാവണം തന്‍റെ സിനിമയിലെ സംഗീതം എന്ന് നിർബന്ധമുള്ളയാളാണ് അദ്ദേഹം”.

പി.ടി.കുഞ്ഞു മുഹമ്മദ്‌ ചിത്രമായ ‘ഗര്‍ഷോ’മിലെ ഹരിഹരന്‍ ആലപിച്ച ‘പറയാന്‍ മറന്ന പരിഭവങ്ങള്‍’ എന്ന ഗാനമാണ് രമേഷ് നാരായണ്‍ എന്ന സംഗീതകാരന് മലയാളിയുടെ മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ഗാനങ്ങളിലൊന്ന്. അതില്‍ ഗാനം ആലപിക്കുന്ന ആളുടെ വേഷത്തില്‍ എത്തിയതും രമേഷ് നാരായണ്‍ തന്നെ.

കമലിന്‍റെ ‘മേഘമല്‍ഹാര്‍’, ജയരാജിന്‍റെ ‘മകള്‍ക്ക്’, ആര്‍.എസ്.വിമലിന്‍റെ ‘എന്ന് നിന്‍റെ മൊയ്തീന്‍’, അനില്‍ തോമസിന്‍റെ ‘സഫലം’, എന്നിവയാണ് മറ്റു ശ്രദ്ധേയമായ ചിത്രങ്ങള്‍. ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ‘രാത്രിമഴ’യിലെ ‘ബാസുരി ശ്രുതി പോലെ’ എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡും രമേഷ് നാരായണ് ലഭിച്ചിരുന്നു.

സിനിമ സംഗീതം കൂടാതെ നാടകങ്ങൾ, ടിവി സീരിയലുകൾ, നൃത്ത സംഗീത സമന്വയങ്ങൾ എന്നിവയ്ക്കും സംഗീതം നൽകിയിട്ടുണ്ട് രമേഷ് നാരായണ്‍. ഇതില്‍ നൃത്തനാടകങ്ങളാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

“നാടകങ്ങള്‍, നൃത്തവും സംഗീതവും ഒരുമിക്കുന്ന പ്രൊഡക്ഷൻസ് എന്നിവ വളരെ ശ്രദ്ധിച്ചു ചെയ്യേണ്ടവയാണ്. മിക്കവാറും ഒന്നിൽ കൂടുതൽ പാട്ടുകൾ വേണ്ടി വരും, അവയ്ക്ക് വലിയ പ്രാധാന്യവുമുണ്ടാവും.

കഴിഞ്ഞ 25 വർഷത്തോളമായി സൂര്യ കൃഷ്ണമൂർത്തി സാറിന്‍റെ നൃത്തനാടകങ്ങള്‍ക്ക് സംഗീതം പകരുന്നു. ഒരു സംവിധായകന്‍ എന്നതിലുപരിയുള്ള സ്നേഹബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്.

ഏറ്റവുമൊടുവില്‍ അദ്ദേഹത്തിന്‍റെ ‘ഇന്ദുലേഖ’ എന്ന പ്രൊഡക്ഷന് വേണ്ടിയാണ് സംഗീതം നിര്‍വഹിച്ചത്. പത്തോളം വ്യത്യസ്ത ശൈലിയിലുള്ള ഗാനങ്ങൾ ഏകദേശം ഒരു മാസത്തോളം ഇരുന്നാണ് ചിട്ടപ്പെടുത്തിയത്. രാജീവ് ആലുങ്കൽ ആണ് വരികളെഴുതിയത്. സംഗീതത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു കഥാശൈലിയാണ് ‘ഇന്ദുലേഖ’യിലേത്.

ഗാനവാദിനി കലാമഞ്ചിന്‍റെ പുരസ്‌കാരം സ്വീകരിക്കുന്ന രമേഷ് നാരായണ്‍

ടെലിവിഷനും സിനിമയും തമ്മില്‍ പ്രത്യേകിച്ച് വ്യത്യാസങ്ങൾ ഒന്നും എനിക്ക് തോന്നിയിട്ടില്ല. രണ്ടും ഒരേ മാധ്യമം തന്നെയല്ലേ. ഒന്ന് വലുതും ഒന്ന് ചെറുതും എന്ന വ്യത്യാസമല്ലേയുള്ളൂ. അതുകൊണ്ട് തന്നെ ഞാന്‍ രണ്ടിനേയും ഒരേ പ്രാധാന്യത്തോടെ സമീപിക്കുന്നയാളാണ്.”

താന്‍ പഠിച്ച ‘മേവതി ഖരാന’യുടെ സംഗീത ചിട്ടവട്ടങ്ങളുടെ ഭാഗമായിത്തന്നെ നിലകൊള്ളുമ്പോഴും സംഗീതത്തിലുള്ള തന്‍റെ അന്വേഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ് പണ്ഡിറ്റ്‌ ജസ്രാജിന്‍റെ ഈ ശിഷ്യന്‍. ഉയരങ്ങൾ കീഴടക്കുമ്പോഴും, പുരസ്കാരങ്ങളുടെ നിറവിൽ തിളങ്ങുമ്പോഴും തന്‍റെ സംഗീത യാത്രയിൽ അദ്ദേഹം കരുത്തായി കൂട്ടുന്നത്‌ തന്‍റെ കുടുംബത്തെയാണ്.

അദ്ദേഹത്തിന്‍റെ സംഗീത സപര്യയിൽ നിറ സാന്നിധ്യമാണ് സഹധർമ്മിണി ഹേമ നാരായൺ. ഹിന്ദുസ്ഥാനി കച്ചേരികളിലും, മലയാള സിനിമാ സംഗീത ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മക്കള്‍ മധുവന്തിയും മധുശ്രീയും.

മകള്‍ മധുവന്തി, മരുമകന്‍ വിഷ്ണു എന്നിവര്‍ക്കൊപ്പം

തെന്നിന്ത്യയില്‍ അറിയപ്പെടുന്ന പുല്ലാംകുഴല്‍ വാദകനായ വിഷ്ണുവാണ് മൂത്ത മകളും ശാസ്ത്രീയ സംഗീതജ്ഞയുമായ മധുവന്തിയെ വിവാഹം കഴിച്ചിരിക്കുന്നത്. ‘ഗപ്പി’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കലാകാരനാണ് വിഷ്ണു.  ഇളയമകള്‍ മധുശ്രീയ്ക്ക് 2015ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു, അച്ഛന്‍റെ സംഗീതസംവിധാനത്തില്‍ തന്നെയുള്ള ‘ഇടവപ്പാതി’ എന്ന ചിത്രത്തിലെ ഗാനത്തിന്.

തിരുവനന്തപുരത്തുള്ള ‘പണ്ഡിറ്റ് മോതി റാം നാരായൺ സംഗീത് വിദ്യാലയ’ എന്ന തന്‍റെ മ്യൂസിക് സ്കൂളില്‍ കഴിഞ്ഞ 22 വര്‍ഷങ്ങളായി ഹിന്ദുസ്ഥാനി സംഗീതം പുതിയ തലമുറയിലേക്ക് പകര്‍ന്നു വരികയും ചെയ്യുന്നുണ്ട് രമേഷ് നാരായണ്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh narayan music director national award interview

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express