ക്യാമറയ്ക്ക് പിന്നില്‍ നിന്നും ക്യാമറയ്ക്ക് മുന്നിലേക്ക് വന്ന നിരവധി പേരുണ്ട് മലയാള സിനിമയില്‍ ലാല്‍, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, ആഷിക്ക് അബു എന്നിങ്ങനെ. ആ നിരയിലേക്ക് പുതിയൊരു ആള്‍ കൂടി കടന്നു വരികയാണ്. ദിലീപ് നായകനായ രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് നായകനാകാന്‍ ഒരുങ്ങുന്നത്.

മാദ്ധ്യമ പ്രവര്‍ത്തകനായ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അരുണ്‍ ഗോപി നായകനാകുന്നത്. സംവിധായകന്‍ തന്നെ രചന നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി അവസാനം ആരംഭിക്കും. ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആദ്യ ചിത്രം കൊണ്ടുതന്നെ മലയാള സിനിമയില്‍ സ്വന്തം പേര് പതിപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപി. രാമലീലയ്ക്ക് ശേഷം സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ് അരുണ്‍. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാമലീല നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഓണത്തിന് തീയേറ്ററുകളില്‍ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ