രാമലീല ചിത്രം ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവുമായി ബന്ധമുളളതാണെന്ന തരത്തിൽ പല വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിനു പിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിൽ ഒരു ഡയലോഗുണ്ട് ‘പ്രതി ഞാനാവണം എന്നൊരു തീരുമാനമുളളപോലെ.’ ഇതിനുശേഷമാണ് രാമലീലയും ദിലീപിന്റെ ജീവിതവും തമ്മിൽ ബന്ധമുണ്ടെന്ന പ്രചാരണങ്ങൾ തുടങ്ങിയത്. ദിലീപ് ബലിയിടുന്ന ചിത്രമുളള പുതിയ പോസ്റ്റർ കൂടി പുറത്തിറങ്ങിയതോടെ രാമലീല ദിലീപിന്റെ ഇപ്പോഴത്തെ ജീവിതം പറയുന്ന സിനിമയാണെന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചു. എന്നാൽ ഇതിനു പിന്നിലെ യാഥാർഥ്യങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി.

”രാമലീലയിലെ രാമനുണ്ണി ഒരു എംഎൽഎയാണ്. ഒരു പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുകയും മറ്റൊരു മുന്നണിയിൽ ചേർന്ന് മൽസരിക്കുകയും അതിനുപിന്നാലെ ഉണ്ടാകുന്ന രാഷ്ട്രീയ പകപോക്കലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാധാരണ ദിലീപ് ചിത്രത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് രാമലീല. ഇതിൽ ഹാസ്യത്തിന് അല്ല പ്രാധാന്യം നൽകിയിരിക്കുന്നത്. വളരെ സീരിയസ് ആയ കഥാപാത്രമാണ് ദിലീപിന്റേത്. നിയമക്കുരുക്കിൽ പെടുകയും ഒടുവിൽ അറസ്റ്റിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ അയാൾക്ക് ഉണ്ടാകുന്നുണ്ട്. ദിലീപിന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന ചില സാഹചര്യങ്ങളുമായി രാമലീലയിലെ കഥയിൽ സാമ്യമുണ്ടെന്ന് പറയാം. എന്നാൽ ഇപ്പോഴത്തെ ദിലീപിന്റെ ജീവിതവുമായി പൂർണമായിട്ടും സാമ്യമില്ല. അങ്ങനെയുളള പ്രചാരണങ്ങൾ തെറ്റാണ്. കാരണം 10 മാസം മുൻപാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയത്. ഇപ്പോഴത്തെ സംഭവങ്ങൾ ഉണ്ടായിട്ട് ഏതാനും മാസങ്ങൾ അല്ലേ ആയിട്ടുളൂ”.

”സാഹചര്യ തെളിവുകൾ എതിരാവുക, ജനങ്ങളാൽ വെറുക്കപ്പെടുക ഇതൊക്കെ രാമലീലയിൽ രാമനുണ്ണി അനുഭവിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സംഭവുമായി അതിന് എന്തെങ്കിലും സാമ്യമുണ്ടായിട്ടുണ്ടെങ്കിൽ അത് ആകസ്മികമാണ്. പിന്നെ ടീസറിൽ പറയുന്ന ഡയലോഗ് അന്വേഷണ ഉദ്യോഗസ്ഥനും ദിലീപും തമ്മിലുളളതാണ്. ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിൽ കാണുന്ന പോലെ അച്ഛന് ശ്രാദ്ധം ഊട്ടുന്ന ഒരു സീൻ രാമലീലയിലുണ്ട്. പക്ഷേ അതും ആകസ്മികമാണ്”.

dileep, ramaleela

”രാമലീലയുടെ ഡബ്ബിങ് സമയത്ത് ഇത് അറം പറ്റിയൊരു സ്ക്രിപ്റ്റാണോ എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് ദിലീപ് ചോദിച്ചിരുന്നു. ആ സമയത്ത് ദിലീപിനെ പ്രതി ചേർത്തിട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ചോദ്യം ചെയ്യൽ മാത്രമേ കഴിഞ്ഞിരുന്നുളളൂ.”

ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അല്ല എന്നായിരുന്നു സച്ചിയുടെ മറുപടി. ”അത്രയ്ക്കും വിഡ്ഢിത്തരം ദിലീപ് കാണിക്കുമെന്ന് വിശ്വസിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഒരാൾ കുറ്റവാളിയാണെന്ന് കോടതിയിലാണ് തെളിയിക്കേണ്ടത്. അതിനുമുൻപ് ചോരയ്ക്കുവേണ്ടി മുറവിളി കൂട്ടരുത്”- സച്ചിയുടെ വാക്കുകൾ.

രാമലീല സിനിമ ബഹിഷ്കരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങളെക്കുറിച്ചും സച്ചി പ്രതികരിച്ചു. ”സിനിമയെ തകർക്കുന്ന പ്രചാരണങ്ങൾ ശരിയല്ല. ദിലീപ് അതിൽ ഒരു അഭിനേതാവ് മാത്രമാണ്. പണം മുടക്കിയ ഒരാളുണ്ട്. ആറു വർഷമായി സ്ക്രിപ്റ്റ് എഴുതി കിട്ടാനായി നടന്ന ഒരു പയ്യനുണ്ട് (സംവിധായകൻ അരുൺ ഗോപി). അവന്റെ ആദ്യത്തെ സിനിമയാണ്. അങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ട്. സിനിമ കാണേണ്ട എന്നുളളവർ കാണണ്ട. പക്ഷേ അതിനെ തകർക്കാൻ വേണ്ടി മനഃപൂർവം ശ്രമിക്കരുത്”.

രാമലീലയെക്കുറിച്ചുളള പ്രതീക്ഷകളും സച്ചി പങ്കുവച്ചു. ”സിനിമ എന്ന നിലയിൽ ജനങ്ങൾ ഏറ്റെടുത്താൽ രാമലീല വലിയ വിജയമായിരിക്കും. കാരണം ഇതൊരു നല്ല സിനിമയാണ്”.

മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് സച്ചി. ചോക്‌ലേറ്റ്, റോബിൻഹുഡ്, സീനിയേഴ്സ് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ സച്ചി-സേതു കൂട്ടുകെട്ടിൽ പിറന്നവയാണ്. സച്ചി ആദ്യമായി സ്വതന്ത്ര തിരക്കഥ എഴുതിയ ചിത്രമായിരുന്നു റൺ ബേബി റൺ. ചിത്രം വൻഹിറ്റായിരുന്നു. പൃഥ്വിരാജ് അഭിനയിച്ച അനാർക്കലി ചിത്രത്തിലൂടെ സംവിധായകനുമായി. ദിലീപിന്റെ രാമലീല, ബിജു മേനോന്റെ ഷെർലക് ഹോംസ് എന്നിവയാണ് സച്ചി തിരക്കഥ എഴുതിയ ചിത്രങ്ങൾ. ഈ മാസം 28 നാണ് രാമലീല റിലീസ് ചെയ്യുന്നത്. ക്രിമിനൽ അഭിഭാഷകൻ കൂടിയാണ് സച്ചി. എന്നാൽ ഇപ്പോൾ അഭിഭാഷക ജോലിയിൽനിന്നും പൂർണമായും മാറി തിരക്കഥാകൃത്തായി മാറിയിരിക്കുകയാണ് സച്ചി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ