/indian-express-malayalam/media/media_files/uploads/2023/08/Vinay-Fort.jpg)
ഞെട്ടിക്കുന്ന ലുക്കിൽ വിനയ് ഫോർട്ട്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധയും ദുൽഖർ സൽമാനിലും കിംഗ് ഓഫ് കൊത്ത പ്രമോഷനിലുമായിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. നിവിൻ പോളി നായകനാകുന്ന 'രാമചന്ദ്ര ബോസ് & കോ' എന്ന ചിത്രത്തിന്റെ പ്രമോഷൻ വേദിയിലേക്ക് കടന്നുവന്ന വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയെ ഒന്നടക്കം അമ്പരപ്പിക്കുന്നതായിരുന്നു.
ചാർളി ചാപ്ലിൻ ലുക്കിൽ മീശയും ചുരുണ്ട മുടിയും കൂളിം​ഗ് ​ഗ്ലാസുമൊക്കെ വച്ചാണ് വിനയ് ഫോർട്ട് പ്രസ്സ് മീറ്റിന് എത്തിയത്. ചിത്രങ്ങൾ പുറത്തുവന്നു തുടങ്ങിയതോടെ അജു വർഗീസ് അടക്കമുള്ളവർ വിനയ് ഫോർട്ടിന്റെ ലുക്കിനെ കുറിച്ചുള്ള രസകരമായ പോസ്റ്റുകളുമായി എത്തി.
ഉമ്മൻ കോശിയെ ഇഷ്ടമായി എന്നാണ് അജു വർഗീസ് കമന്റ് ചെയ്യുന്നത്. ജയറാം നായകനായി എത്തിയ 'സിഐഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്' എന്ന ചിത്രത്തിലെ കഥാപാത്രം ആണ് ഉമ്മൻ കോശി
- ഇപ്പോഴത്തെ പിള്ളേരെ ഓരോ പാഷൻ
- കുഞ്ഞിക്ക ഓടിനടന്ന് ഉണ്ടാക്കിയ പ്രൊമോഷൻ വിനയ് അണ്ണൻ ഒറ്റ ലുക്ക് കൊണ്ട് ഉണ്ടാക്കി കൊടുത്തു
- ഇതിലും വലിയ പ്രമോഷൻ ആ പടത്തിനു കിട്ടാനില്ല
- പറക്കുംതളികയിലെ കല്യാണചെക്കനെ ഓർമ വരുന്നു
- പടത്തിന് ഹൈപ്പ് ഇല്ല, പ്രോമോ ഇല്ല എന്നും പറഞ്ഞു ഇനി ആരും വന്നേക്കരുത്
- അവന്മാർക്കു പ്രമോഷൻ വേണം പോലും…
- ഉമ്മച്ചൻ ഫ്രം സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്
എന്നിങ്ങനെ പോവുന്നു സോഷ്യൽ മീഡിയയുടെ കമന്റുകൾ.
തന്റെ പുതിയ ചിത്രത്തിലെ ലുക്കാണ് ഇതെന്നാണ് വിനയ് ഫോർട്ട് വ്യക്തമാക്കിയത്. അപ്പൻ സിനിമയുടെ സംവിധായകൻ മജുവിന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഈ ലുക്ക്.
"മജുവിന്റെ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഞാൻ. വളരെ ഇൻട്രസ്റ്റിം​ഗ് ആയിട്ടുള്ള സിനിമയും കഥാപാത്രവുമാണ്. അതുകൊണ്ട് ഈ കോലം ഞാൻ അങ്ങ് സഹിക്കുകയാണ്. സെപ്റ്റംബർ പകുതിവരെ ഈ കോലത്തിൽ തന്നെ ഞാൻ നടക്കേണ്ടി വരും," വിനയ് ഫോർട്ട് പറയുന്നു.
തന്റെ ലുക്കുമായി ബന്ധപ്പെട്ട ട്രോളുകൾ വിനയ് ഫോർട്ടും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2023/08/Ramachandra-Boss-Co.jpg)
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'രാമചന്ദ്രബോസ് & കോ' ഓണം റിലീസായി തിയേറ്ററുകളിൽ എത്തും. ഒരു കൊള്ളയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോടു കൂടിയാണ് ഈ ചിത്രം എത്തുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നിവിൻ പോളി, ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും മിഥുൻ മുകുന്ദൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.