ഇന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമാണ്. വിജയ് ഭട്ടിന്റെ ‘രാം രാജ്യ’ എന്ന ചിത്രം ഇന്ത്യയിലൊട്ടാകെ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 76 വര്‍ഷം തികയുന്നുവെന്നതു കൂടിയാണ് ഒക്ടോബര്‍ രണ്ട് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. ഇത് ഗാന്ധിജിയുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. അദ്ദേഹം കണ്ട ഏക ഹിന്ദി ചലച്ചിത്രം രാം രാജ്യയാണെന്നാണു കരുതപ്പെടുന്നത്.
1930കളിൽ സുഹൃത്തുക്കള്‍ക്കൊപ്പം വല്സാദിലേക്കുള്ള യാത്രയിലാണു വിജയ് ഭട്ട് ആദ്യമായി ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വിജയ് ഭട്ട് സംവിധായകനാണെന്ന് അറിഞ്ഞ ഗാന്ധിജി അദ്ദേഹത്തോട് ചോദിച്ചു ‘എന്തുകൊണ്ടാണ് നിങ്ങള്‍ നര്‍സി മേത്തയെക്കുറിച്ച് സിനിമ നിര്‍മിക്കാത്തത്?.’ ഇതിനു പുറകേ വിജയ് ഭട്ട് നര്‍സി മേത്തയെക്കുറിച്ച് തിരക്കഥ എഴുതാന്‍ ആരംഭിക്കുകയും 1940ല്‍ ഹിന്ദിയിലും ഗുജറാത്തിയിലും ചിത്രം റിലീസ് ചെയ്യുകയും ചെയ്തു.
Read More: Gandhi Jayanti 2019 Live Updates:ഗാന്ധി ജയന്തി: രാഷ്ട്രപിതാവിന്റെ ഓര്‍മകളില്‍ രാജ്യം
ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതു വിഷ്ണുപന്ത് പഗ്നിസ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായി വേഷമിട്ടത് ദുർഗാ ഖോട്ടെ. ചിത്രത്തിനു വളരെയധികം സ്വീകാര്യത ലഭിക്കുകയും ഇന്ത്യയിലൊട്ടാകെ രജത ജൂബിലി ആഘോഷിക്കുകയും ചെയ്തു. എന്നാൽ ചിത്രം ഗാന്ധിജിയെ കാണിക്കാൻ സാധിക്കാത്തതിൽ വിജയ് ഭട്ടിന് ഏറെ വിഷമം തോന്നി. 1943ൽ അദ്ദേഹം സംവിധാനം ചെയ്ത രാം രാജ്യയാണു ഗാന്ധിജി ആദ്യമായി കണ്ട ഹിന്ദി ചിത്രമായി കരുതപ്പെടുന്നത്.
ജുഹുവിലെ ശാന്തികുമാർ മൊറാർജിയുടെ ബംഗ്ലാവിൽ ഗാന്ധിജി സുഖം പ്രാപിക്കുകയാണെന്ന് 1945 ൽ അദ്ദേഹം അറിഞ്ഞു. ഗാന്ധിജിയുടെ സെക്രട്ടറി സുശീല നായർ, ചിത്രം പ്രദർശിപ്പിക്കാൻ 40 മിനിറ്റ് മാത്രം വിജയ് ഭട്ടിന് അനുവദിച്ചു. എന്നാൽ ചിത്രം ആരംഭിച്ചു കഴിഞ്ഞപ്പോൾ 90 മിനിറ്റ് തുടർച്ചയായി അദ്ദേഹം കണ്ടു. വളരെയധികം മുഴുകിയിരുന്നാണ് അദ്ദേഹം രാം രാജ്യ കണ്ടത്. ആ ദിവസം മുഴുവൻ അദ്ദേഹം നിശബ്ദനായിരുന്നു. വിജയ് ഭട്ടിന്റെ ചുമലിൽ സ്നേഹത്തോടെ തട്ടിക്കൊണ്ട് അഭിനന്ദനം അറിയിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു.
രാം രാജ്യ ഒരു ക്ലാസിക്ക് ചിത്രമായാണു കരുതപ്പെടുന്നത്. ഉള്ളടക്കത്തിന്റെയും നിർമ്മാണത്തിന്റേയും കാര്യത്തിൽ ഒരു പുതിയ വഴിയാണ് ചിത്രം സ്വീകരിച്ചത്. മെലോഡ്രാമയെയും ആശ്ചര്യങ്ങളെയും ആശ്രയിക്കാതെ ചിത്രം രാമനെ സഹോദരനും ഭർത്താവും രാഷ്ട്രതന്ത്രജ്ഞനുമായി ചിത്രീകരിച്ചു.
(ലേഖിക ജാൻവി ഭട്ട്, വിജയ് ഭട്ടിന്റെ കൊച്ചുമകളാണ്)