സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂറിനെ നായകനാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ‘സഞ്ജു’. ബി ടൗണിന്റെ വിവാദനായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമായിരുന്നു സഞ്ജു. ചിത്രം സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്.

എന്നാല്‍ ഈ ചിത്രം സഞ്ജയ് ദത്തിനെ വെള്ളപൂശുകയാണെന്നും അദ്ദേഹത്തിന്റെ ചെയ്തികളെ ന്യായീകരിക്കുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം അണിയറയിലൊരുങ്ങുന്നത്. സഞ്ജുവില്‍ വെളിപ്പെടുത്താത്ത സഞ്ജയ് ദത്തിന്റെ ജീവിതരഹസ്യങ്ങള്‍ പറയാന്‍ തയ്യാറെടുക്കുന്നത് രാം ഗോപാല്‍ വര്‍മയാണ്.

1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ ശേഷമുള്ള സഞ്ജയ് ദത്തിന്റെ ജീവിതമായിരിക്കും സിനിമയുടെ പ്രധാന പശ്ചാത്തലം. സഞ്ജു’ വില്‍ സഞ്ജയ് ദത്തിന്റെ യഥാര്‍ത്ഥ കഥയല്ല പറഞ്ഞിരിക്കുന്നതെന്നുള്ള ആരോപണങ്ങള്‍ പല ഭാഗത്ത് നിന്നും സിനിമയുടെ റിലീസ് ദിവസം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സഞ്ജയ് ദത്തിന്റെ യഥാര്‍ത്ഥ ജീവിതമായിരിക്കും റാം ഗോപാല്‍ വര്‍മ്മ ചിത്രീകരിക്കുക എന്നാണറിയുന്നത്.

അതേസമയം തന്റെ യഥാര്‍ത്ഥ ജീവിതമാണ് സഞ്ജുവിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന് സഞ്ജയ് ദത്ത് അവകാശപ്പെട്ടിട്ടുണ്ട്. ‘ചിത്രത്തില്‍ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിട്ടുണ്ട്. സിനിമയും വളരെ നന്നായിട്ടുണ്ട്. രാജ് ജി (രാജ്കുമാര്‍ ഹിരാനി), വിക്കി കൗശല്‍ എന്നിവര്‍ തങ്ങളുടെ ജോലികള്‍ മനോഹരമായി ചെയ്തിട്ടുണ്ട്. സ്‌ക്രീനില്‍ എല്ലാ സത്യങ്ങളും തുറന്നുകാണിച്ചിട്ടുണ്ട്,’ എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.

രണ്‍ബീര്‍ കപൂറിനെ കൂടാതെ സോനം കപൂര്‍ പരേഷ് റാവല്‍, മനീഷാ കൊയ്രാള, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, ദിയാ മിര്‍സ എന്നിവരും ചിത്രത്തിലുണ്ട്. 5000ത്തില്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോക്കൊപ്പം വിനോദ് ചോപ്ര ഫിലിംസ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook