ട്വിറ്റർ ഉപേക്ഷിച്ച രാം ഗോപാൽ വർമ ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്. ‘മേരി ബേട്ടി സണ്ണി ലിയോൺ ബനാ ചാഹ്തി ഹെ’ എന്ന തന്റെ ഷോർട് ഫിലിമിന്റെ പ്രചാരണ തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. ഷോർട് ഫിലിമിന്റെ പ്രചാരണത്തിനായി ടെന്നിസ് താരം സാനിയ മിർസയുടെ ഒരു ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിനൊപ്പം ഒരു കുറിപ്പും എഴുതി.

”ടെന്നിസ് കളിക്കാൻ മിടുക്കിയായ ഒരു പെൺകുട്ടിയെ അവളുടെ അച്ഛൻ അതിന് അനുവദിച്ചില്ല. ചെറിയ വസത്രങ്ങൾ ധരിക്കേണ്ടി വരുമെന്ന കാരണത്താലാണിത്. ഒരു പെൺകുട്ടിയുടെ ലൈംഗികതയെ അവൾക്കെതിരായി പ്രയോഗിക്കുന്ന ഇത്തരം ഇടുങ്ങിയ ചിന്താഗതിക്കാരെ തുറന്നുകാട്ടുകയാണ് തന്റെ ഷോർട് ഫിലിം” രാം ഗോപാൽ വർമ പറയുന്നു.

രാം ഗോപാൽ വർമ പോസ്റ്റ് ചെയ്ത ഈ ചിത്രം ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. നിരവധി പേരാണ് രാം ഗോപാലിന്റെ ഈ പ്രവൃത്തിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘സാനിയ ഒരു ചിത്രത്തിനായി പോസ് ചെയ്തതാണെങ്കിൽ കുഴപ്പമില്ല, എന്നാൽ ഇന്ത്യയ്ക്കുവേണ്ടി സാനിയ മൽസരിച്ച സമയത്തെ ചിത്രമാണിത്. ഇത് ഇങ്ങനെ ഉപയോഗിക്കരുതെന്നാണ്’ ഒരാൾ ചിത്രത്തിനു താഴെ എഴുതിയിരിക്കുന്ന കമന്റ്. ‘സണ്ണി ലിയോണിന്റെ ചിത്രമാണ് ഇങ്ങനെ പോസ്റ്റ് ചെയ്തതെങ്കിൽ പ്രതികരിക്കില്ലായിരുന്നു. എന്നാൽ ഇന്ത്യയുടെ അഭിമാനമാണ് സാനിയ. അവരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നാണ്’ മറ്റൊരു കമന്റ്. രാം ഗോപാലിന്റെ ഈ പ്രവൃത്തി തികച്ചും മോശമാണെന്നും ചിലർ പറയുന്നു.

ഞാൻ സണ്ണി ലിയോണിനെ പോലെ ഒരു പോൺ സ്റ്റാർ ആകാനാണ് ആഗ്രഹിക്കുന്നതെന്ന് മകൾ തന്റെ മാതാപിതാക്കളോട് പറയുന്നതാണ് ‘മേരി ബേട്ടി സണ്ണി ലിയോൺ ബനാ ചാഹ്തി ഹെ’ എന്ന ഷോർട് ഫിലിം. അതിന്റെ പ്രമോഷനുവേണ്ടി സാനിയയുടെ ജീവിതത്തിലുണ്ടായ സംഭവത്തെക്കുറിച്ച് പറയുന്നതിൽ തെറ്റില്ല. എന്നാൽ സാനിയയുടെ ഈ ചിത്രം തന്നെ പോസ്റ്റ് ചെയ്യണമായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് രാം ഗോപാൽ വർമയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ