ആദ്യകൺമണിയെ കാത്തിരിക്കുകയാണ് തെലുങ്ക് താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഉപാസനയുടെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് രാംചരൺ. പരമ്പരാഗത രീതിയിലുള്ള ബേബി ഷവറിനു പകരം അൽപ്പം മോഡേൺ സ്റ്റൈലിലാണ് ബേബി ഷവർ ചടങ്ങ് സംഘടിപ്പിച്ചത്. കടൽത്തീരത്തെ റിസോർട്ടിൽ സജ്ജീകരിച്ച ചടങ്ങിൽ ദമ്പതികളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വൈറ്റ് ഡ്രസ്സായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വേഷം. അൾട്രാ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഉപാസന സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു.
“എല്ലാ സ്നേഹത്തിനും നന്ദി. മികച്ച ബേബി ഷവറിന് എന്റെ പ്രിയ സഹോദരിമാരായ അനുഷ് പാലയ്ക്കും സിന്ദൂരി റെഡ്ഡിക്കും നന്ദി,” ചിത്രങ്ങൾ പങ്കിട്ട് ഉപാസന കുറിച്ചു.
അപ്പോളോ ഹോസ്പിറ്റലിലെ സിഎസ്ആർ വൈസ് ചെയർപേഴ്‌സണായ ഉപാസന അടുത്തിടെയാണ് തനിക്കും രാം ചരണിനും കുഞ്ഞ് ജനിക്കാൻ പോവുന്ന വിവരം പങ്കിട്ടത്. സാമൂഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയിട്ടല്ല, തങ്ങളുടെ ഇഷ്ടാനുസരണമാണ് ഇപ്പോൾ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ തീരുമാനിച്ചതെന്നാണ് ഉപാസന പറഞ്ഞത്. “സമൂഹം ആഗ്രഹിച്ചപ്പോഴല്ല, ഞങ്ങൾ ആഗ്രഹിച്ചപ്പോൾ അമ്മയാകാൻ തീരുമാനിച്ചിരിക്കുകയാണ്, അതിൽ ഏറെ ആവേശവും അഭിമാനവുമുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം, ഞങ്ങൾ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങൾ രണ്ടുപേരും കരിയറിൽ കുതിച്ചുയരുകയും സാമ്പത്തിക സുരക്ഷിതത്വം നേടുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടികളെ സ്വയം പരിപാലിക്കാൻ കഴിയും. ഇത് ഏറ്റവും നല്ല സമയമാണെന്ന് ഞാൻ കരുതുന്നു. ഇത് ഞങ്ങളുടെ ഒന്നിച്ചുള്ള തീരുമാനമായിരുന്നു. ” ഹ്യൂമൻസ് ഓഫ് മുംബൈയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉപാസന പറഞ്ഞു.
ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറിന്റെ ഷൂട്ടിംഗിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് രാം ചരൺ ഇപ്പോൾ. കമൽഹാസന്റെ ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനായി ശങ്കർ തായ്‌വാനിൽ പോയിരിക്കുകയാണ്. വരാനിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ‘കിസി കാ ഭായ് കിസി കി ജാനി’ലെ യെന്റമ്മ എന്ന ഗാനത്തിൽ അതിഥിയായും രാം ചരൺ എത്തുന്നുണ്ട്.