വിജയ്‌ ദേവരകൊണ്ട നായകനാകുന്ന ‘ഗീതഗോവിന്ദ’മെന്ന ചിത്രത്തിലൂടെ പ്രശസ്തയായ രശ്മിക മന്ദനയും കന്നടതാരമായ രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു താരങ്ങളുടെ ആരാധകർ.​ എന്നാൽ രശ്മികയും രക്ഷിതും തമ്മിലുള്ള വിവാഹം മുടങ്ങി എന്ന വാർത്തകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

2017 ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വര്‍ഷം വിവാഹം നടത്താനായിരുന്നു തീരുമാനം. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും രശ്മിക ആ വാർത്തകൾ നിഷേധിക്കുകയും ചെയ്തിരുന്നു.

വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ച് ഇന്നലെ രശ്മികയുടെ അമ്മ സുമൻ മന്ദന തന്നെ രംഗത്തു വന്നിരുന്നു. ഒരു പ്രാദേശിക ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടിയുടെ അമ്മ തന്നെ വിവാഹനിശ്ചയം മുടങ്ങിയെന്ന വാർത്ത സ്ഥിതീകരിച്ചത്.

”ഞങ്ങള്‍ ദുഃഖിതരാണ്. അതേ സമയം, ഈ വിഷമത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല”, എന്നായിരുന്നു സുമന്‍ മന്ദന്റെ പ്രതികരണം.

rakshit shetty rashmika mandanna 1

തൊട്ടുപിറകെ വാർത്തകളോട് പ്രതികരിച്ച് രക്ഷിത് ഷെട്ടിയും വാർത്തകളിൽ നിറയുകയാണ്.

“നിങ്ങൾക്കെല്ലാർക്കും രശ്മികയെ കുറിച്ച് അഭിപ്രായങ്ങൾ കാണും. അതിന് ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. രശ്മികയെ എനിക്ക് കഴിഞ്ഞ രണ്ടു വർഷമായിട്ട് അറിയാം, നിങ്ങളേക്കാളും കൂടുതലറിയാം. ഇതിനു പിറകിൽ നിരവധി കാരണങ്ങളുണ്ട്. ദയവായി അവളെ ജഡ്ജ് ചെയ്യുന്നത് നിർത്തൂ. രശ്മികയെ സമാധാനത്തിൽ വിടൂ, വളരെ പെട്ടെന്ന് തന്നെ എല്ലാം പരിസമാപ്തിയിലെത്തും. യഥാർത്ഥത്തിൽ സംഭവിച്ചതെന്തതെന്ന് നിങ്ങളറിയും” സോഷ്യൽ മീഡിയയിലൂടെയായിരുന്നു രക്ഷിതിന്റെ പ്രതികരണം.

കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു രക്ഷിത്. “സോഷ്യൽ മീഡിയ ഒരു അഡിക്ഷനായി മാറിയപ്പോൾ, ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ഞാൻ വിട്ടു നിൽക്കുന്നത്. എന്റെ വിട്ടുനിൽക്കലിന് ഇതുമായി യാതൊരു ബന്ധവുമില്ല. അത്യാവശ്യമുള്ള സമയങ്ങളിൽ ഞാൻ സോഷ്യൽ മീഡിയയിലേക്ക് തന്നെ തിരിച്ചെത്തും,” രക്ഷിത് കൂട്ടിച്ചേർക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ