scorecardresearch
Latest News

കുമ്പളത്തെ ശ്രീകല മാറാടിയുടെ കൃഷ്ണ

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാനകി എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കൃഷ്ണ പത്മകുമാറാണ് അതെന്ന് പക്ഷേ പലര്‍ക്കും അറിയില്ല

sreekala, akshadhikari baiju

നാട്ടിന്‍പുറത്തിന്റെ നന്മയും ഗൃഹാതുരത്വവും പ്രേക്ഷകരിലേക്ക് ഒട്ടും ചോരാതെ എത്തിച്ച ചിത്രമാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പ്. ചിത്രത്തിലെ ഓരോ കഥാപാത്രവും കുമ്പളം എന്ന സുന്ദര ഗ്രാമത്തിന്റെ പ്രതിനിധികളായിരുന്നു. കുമ്പളത്തെ എല്ലാവരുടേയും കൂട്ടുകാരിയും അനുജത്തിയും എല്ലാമായ ശ്രീകലയെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. ഏതാണ് ഈ പെണ്‍കുട്ടിയെന്ന് അഭിനയം കണ്ടവരെല്ലാം ചോദിച്ചിട്ടുമുണ്ടാകും. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാനകി എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കൃഷ്ണ പത്മകുമാറാണ് അതെന്ന് പക്ഷേ പലര്‍ക്കും അറിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു മികച്ച അഭിനയത്തിലൂടെ പ്രക്ഷകരെ വിസ്മയിപ്പിച്ച കൃഷ്ണ ഐഇ മലയാളത്തോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു…

രക്ഷാധികാരി ബൈജു കണ്ടവരെല്ലാം ശ്രീകലയെ തേടുകയാണ്
ചിത്രം കണ്ട് എല്ലാവരും അഭിനന്ദിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഇത്രയധികം ആളുകളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഞാന്‍ ആരാണെന്നോ എന്റെ പേരെന്താണെന്നോ പലര്‍ക്കുമറിയില്ല. മിക്കവരും എന്നെ കാണുമ്പോള്‍ ശ്രീകലയെന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. സുഹൃത്തുക്കളും ഇപ്പോള്‍ അങ്ങനെ ഇടയ്ക്ക് വിളിക്കും. അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. എന്റെ കഥാപാത്രത്തെ അവരെല്ലാം അംഗീകരിക്കുന്നതുകൊണ്ടാണല്ലോ അങ്ങനെ വിളിക്കുന്നത്.

ഗായകന്‍ ഷഹബാസ് അമന്‍ ഫെയ്‌സ്ബുക്കില്‍ കൃഷ്ണയെ പ്രശംസിച്ച് എഴുതിയിരുന്നു
എനിക്ക് സ്വന്തമായി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ല. അതുകൊണ്ട് കൂട്ടുകാര്‍ പറഞ്ഞ് കേട്ടിട്ട് അച്ഛന്റെ ഫോണില്‍ നിന്ന് വായിച്ചു. ശരിക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് അത് കണ്ടപ്പോഴുണ്ടായത്. അവരെ പോലെ വലിയ ആളുകളെല്ലാം നമ്മളെ അഭിനന്ദിക്കുന്നത് വലിയ പ്രചോദനമല്ലേ. മുന്‍പൊരിക്കല്‍ മൂവാറ്റുപുഴയില്‍ ഷഹബാസ് സാറിന്റെ ഗസല്‍ കേള്‍ക്കാന്‍ പോയപ്പോള്‍ കണ്ടിട്ടുണ്ട്. പരിചയപ്പെട്ടിട്ടൊന്നുമില്ല. പക്ഷേ അങ്ങനെ അന്ന് ആഗ്രഹിച്ച് കണ്ട ഒരാള്‍ ഇപ്പോള്‍ എന്നെക്കുറിച്ച് പറയുന്നു എന്നു കേള്‍ക്കുമ്പോള്‍ എന്താ പറയേണ്ടേ എന്നറിയില്ല.

ഇന്നത്തെ കാലത്ത് ഫെയ്‌സ്ബുക്കും ഫോണും ഇല്ലാത്ത നടി
എനിക്ക് ഫെയ്‌സ്ബുക്ക് വേണമെന്നൊന്നും തോന്നിയിട്ടില്ല. പിന്നെ അതിനോടെല്ലാം അഡിക്ഷന്‍ തോന്നിയാലോ എന്ന് വിചാരിച്ച് വേണ്ടെന്നു വിചാരിച്ചു. ഇപ്പോള്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നുണ്ട്. അതെല്ലാം അത്യാവശ്യമാണെന്നു തോന്നിയാല്‍ അപ്പോള്‍ എടുക്കാം.

sreekala, akshadhikari baiju

ഒരിക്കല്‍ മികച്ച ബാലതാരമായിരുന്നെന്ന് പലര്‍ക്കുമറിയില്ലല്ലോ
ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജാനകി എന്ന ചിത്രത്തിലഭിനയിക്കുന്നത്. എം.ജി.ശശി സാറാണ് അതിന്റെ സംവിധാനം. അന്ന് പത്രത്തില്‍ പരസ്യം കണ്ടിട്ട് അപേക്ഷിച്ചപ്പോള്‍ ഓഡിഷനു വിളിക്കുകയായിരുന്നു. ആദ്യം എന്നോട് എന്ത് ചെയ്ത് കാണിക്കും എന്നു ചോദിച്ചപ്പോള്‍ നൃത്തം ചെയ്യാം എന്ന് പറഞ്ഞു. കുഞ്ഞുനാള്‍ മുതലേ നൃത്തം പഠിക്കുന്നതുകൊണ്ട് അത് ചെയ്തു. പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഞങ്ങളെ അയച്ചു.

കുറച്ച് സമയത്തിനു ശേഷം തിരിച്ച് ചെല്ലാന്‍ പറഞ്ഞു വിളിച്ചു. സിനിമയിലെ ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ ചെയ്തു കാണിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സെലക്ഷന്‍ കിട്ടിയെന്ന് പറഞ്ഞ് അറിയിച്ചത്. ഷൂട്ടിങ്ങിനാണ് എന്നു പറഞ്ഞ് ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ ആരുമില്ല. അപ്പോഴാണ് അവര്‍ പറയുന്നത് അഞ്ചു ദിവസം കഴിഞ്ഞാണ് ഷൂട്ടിങ്ങ് തുടങ്ങുന്നതെന്നും ജാനകി ഞാനാണെന്നും ജാനകിയാകാനാണ് നേരത്തെ വരാന്‍ പറഞ്ഞതെന്നും. അന്നു മുതല്‍ ഷൂട്ടിങ്ങ് കഴിയുന്നതു വരെ ഞാന്‍ കമ്മലും മാലയുമൊന്നും ഇടാതെ മുടിയെല്ലാം പറപ്പിച്ച് അഴിച്ചിട്ട് ജാനകിയെപ്പോലെ തന്നെ നടന്നു.

അന്നെനിക്ക് സ്‌ക്രിപ്റ്റ് വായിക്കാനും തന്നു. പക്ഷേ ആറാം ക്ലാസില്‍ പഠിക്കുന്ന എനിക്ക് അത് വായിച്ചിട്ട് എന്ത് മനസ്സിലാകാനാണ്. പക്ഷേ അതു വായിച്ച അച്ഛന്‍ പിന്നെ ഷൂട്ടിങ്ങ് തീരും വരെ ഉറങ്ങിയിട്ടില്ല. ഇപ്പോഴും അത് ഇടയ്ക്ക് പറയാറുണ്ട്. ആ ചിത്രത്തിനാണ് 2010 ലെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. രസകരമായ കാര്യമെന്താണെന്നു വച്ചാല്‍ അതേ വര്‍ഷം തന്നെ ബിജു ചേട്ടനും (ബിജു മേനോന്‍) സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോള്‍ ബിജു ചേട്ടനൊപ്പം അഭിനയിക്കാനും എനിക്ക് അവസരം ലഭിച്ചു.

ജാനകിക്ക് ശേഷം പക്ഷേ എന്തുകൊണ്ടാണ് അധികം സ്‌ക്രീനില്‍ കാണാതിരുന്നത് ?
ജാനകിക്കു ശേഷം ആര്‍.ശരത് സാര്‍ സംവിധാനം ചെയ്ത പറുദീസ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ജാനകിയുടെ നിര്‍മാതാവ് തന്നെയായിരുന്നു പറുദീസയുടെയും നിര്‍മാണം. അങ്ങനെയാണ് ആ അവസരം ലഭിച്ചത്. പിന്നീട് ഒരു മുന്നറിയിപ്പ്, കാമുകി എന്നീ ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചു. കാമുകി കല്‍ക്കത്ത സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ പ്രോജക്ടിന്റെ ഭാഗമായി ചെയ്തതാണ്. ആ ചിത്രത്തിന് 2015 ലെ മികച്ച ഷോര്‍ട് ഫിലിമിനുളള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.

എങ്ങനെയാണ് രക്ഷാധികാരി ബൈജുവിലെത്തുന്നത് ?
‘കാമുകി’ കണ്ട രക്ഷാധികാരി ബൈജുവിന്റെ ഛായാഗ്രാഹകന്‍ പ്രശാന്ത് സാറാണ് എന്നെ ഈ ചിത്രത്തിലേക്ക് നിര്‍ദേശിക്കുന്നത്.

വലിയ താരനിരയുണ്ടായിരുന്നല്ലോ ചിത്രത്തില്‍. ഷൂട്ടിങ് അനുഭവം ?
വളരെ നല്ല അനുഭവമായിരുന്നു സെറ്റില്‍. കോഴിക്കോടായിരുന്നു ചിത്രീകരണം. എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു അവിടെ. സെറ്റില്‍ ബിജു ചേട്ടന്‍, അജു ചേട്ടന്‍, ജനാര്‍ദ്ദനന്‍ ചേട്ടന്‍, ഇന്ദ്രന്‍സ് ചേട്ടന്‍ എന്നിങ്ങനെ എല്ലാവരേയും കാണാനും സംസാരിക്കാനും എല്ലാം സാധിച്ചത് ഭാഗ്യം പോലെയാണ് കാണുന്നത്. അജു ചേട്ടന്റെ (അജു വര്‍ഗീസ്) പിന്നാലെ നടക്കുന്ന കഥാപാത്രമാണ് എന്റേത്. കുമ്പളം എന്ന ഗ്രാമത്തിലെ എല്ലാവരുടെയും എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന പെണ്‍കുട്ടിയാണ്. എല്ലാവരോടും മടിയില്ലാതെ സംസാരിക്കുന്ന പ്രകൃതം.

ശ്രീകലയെപ്പോലെയാണോ കൃഷ്ണ ?
എന്റെ നാട് മൂവാറ്റുപുഴയ്ക്കടുത്ത് മാറാടി എന്ന ഗ്രാമത്തിലാണ്. ഇവിടെ സിനിമയിലേതു പോലെയുളള നാടും നാട്ടുകാരുമാണ്. ശ്രീകലയെപ്പോലെ എല്ലായിടത്തും ഓടിനടന്ന് എല്ലാവരോടും കാര്യങ്ങള്‍ അന്വേഷിക്കുന്ന ആളാണ് ഞാനും. ശ്രീകലയെപ്പോലെ പോസിറ്റീവ് എനര്‍ജിയുളളയാളും അത്യാവശ്യം വായാടിയുമാണ് കേട്ടോ. എന്നെ ഈ നാട്ടിലുളളവര്‍ക്കും വലിയ കാര്യമാണ്. അജു ചേട്ടന്റെ പിന്നാലെ നടക്കുന്നതൊഴിച്ചാല്‍ കുമ്പളത്തെ ശ്രീകലയെപോലെ തന്നെയാണ് മാറാടിയിലെ ഞാനും.

sreekala, akshadhikari baiju

എല്ലാ ചിത്രത്തിലും ഡൾ മേക്കപ്പാണല്ലോ ?
അതെന്താണെന്ന് എനിക്കുമറിയില്ല. കിട്ടിയ കഥാപാത്രങ്ങളെല്ലാം അത്തരത്തിലുളളതായിരുന്നു. ശരിക്ക് മേക്കപ്പ് ചെയ്‌തൊരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട് (ചിരിക്കുന്നു).

പഠനം ?
മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഒന്നാം വര്‍ഷ ബിഎ മലയാളം വിദ്യാര്‍ഥിയാണ്. അഭിനയത്തിനിടയ്ക്ക് ക്ലാസിൽ പോകാൻ കഴിയാറില്ല. അപ്പോള്‍ സഹായിച്ചതെല്ലാം അധ്യാപകരും സുഹൃത്തുക്കളുമാണ്. മലയാളം അധ്യാപികയാകാനാണ് എനിക്ക് താല്‍പര്യം.

അഭിനയം വേണ്ടെന്നാണോ ?
അങ്ങനെയല്ല, നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അഭിനയം ഉപേക്ഷിക്കില്ല ഒരിക്കലും. പുതിയ ചിത്രങ്ങള്‍ ഒന്നും വന്നിട്ടില്ല. പരീക്ഷ നടക്കുകയാണിപ്പോള്‍.

കുടുംബം ?
അച്ഛന്‍ പത്മകുമാര്‍, അമ്മ ഷീന. അച്ഛനാണ് ഷൂട്ടിങ്ങിനെല്ലാം കൂടെ വരുന്നത്. ഒരു അനുജത്തിയുണ്ട് കാവേരി, ആറാം ക്ലാസില്‍ പഠിക്കുന്നു. പിന്നെ അച്ചമ്മ ഓമനയും അടങ്ങുന്നതാണ് എന്റെ കുടുംബം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rakshadhikari baiju actress sreekala krishna padmakumar interview