സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മേന്മ വിളിച്ചോതി വീണ്ടുമൊരു രക്ഷാ ബന്ധന്‍ കൂടി. സഹോദരീ സഹോദരന്‍മാരെല്ലാം രാഖി കെട്ടുന്ന തിരക്കിലാകും. രക്ഷാ ബന്ധനെ കൂടുതല്‍ മനോഹരമാക്കാന്‍ സഹോദര സ്‌നേഹത്തിന്റെ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ചില ഹിന്ദി പാട്ടുകള്‍ ഇതാ.

ഭയ്യാ മേരേ രാഖി കെ ബന്ധന്‍ കോ നിഭാനാ…

1959ല്‍ ഇറങ്ങിയ ചോട്ടി ബെഹന്‍ എന്ന ചിത്രത്തിലെ, ശങ്കര്‍-ജെയ്കിഷന്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ഒരു ഗാനമാണിത്. പാട്ടിന് വരികള്‍ കുറിച്ചത് ശൈലേന്ദ്രയും പാടിയത് ലതാ മങ്കേഷ്‌കറുമായിരുന്നു.

ഫൂലോന്‍ കാ താരോന്‍ കാ

സഹോദര സ്‌നേഹം വര്‍ണിക്കുന്ന ഏറ്റവും മികച്ച പാട്ടുകളില്‍ ഒന്നാണിത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാ ചേട്ടന്‍മാരും അനിയത്തിമാര്‍ക്കിത് പാടിക്കൊടുത്തുകാണും. ഹരേ രാം ഹരേ കൃഷ്ണ എന്ന ചിത്രത്തിലെ ഈ പാട്ട് പാടിയിരിക്കുന്നത് ലതാ മങ്കേഷ്‌കറും കിഷോര്‍ കുമാറും ചേര്‍ന്നാണ്. ആര്‍.ഡി ബര്‍മന്‍ ആണ് സംഗീതം.

മേരി പ്യാരി ബെഹനിയ

സഹോദരിയുടെ വിവാഹ ദിനത്തില്‍ ഈ പാട്ടിനെക്കാള്‍ മികച്ച എന്തു സമ്മാനമാണ് നല്‍കാന്‍ കഴിയുക? കിഷോര്‍ കുമാറിന്റെ അനുഗ്രഹീത ശബ്ദം കൂടി ചേര്‍ന്നാല്‍ പിന്നെ പറയേണ്ടതുണ്ടോ..

പ്യാരാ ഭയ്യാ മേരാ…

പ്രീതി സിന്റ അഭിനയിച്ച ക്യാ കെഹ്നാ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. തന്റെ മുതിര്‍ന്ന സഹോദരന്റെ വിവാഹ ദിനം ആടിപ്പാടുന്ന അനിയത്തിയെയാണ് ഈ പാട്ടില്‍ നമുക്ക് കാണാനാകുക. എല്ലാ അനിയത്തിമാരും കൊതിക്കും ഇങ്ങനെയൊരു നിമിഷം. അല്‍ക്കാ യാഗ്നിക്കും കുമാര്‍ സാനുവും ചേരന്നു പാടിയ ഈ ഗാനം ഒരിക്കലും അവസാനിക്കാത്ത സാഹോദര്യത്തിന്റേതാണ്.

ചോട്ടീ ചോട്ടീ ഭയ്യോന്‍ കെ ബഡേ ഭയ്യാ….

കുടുംബത്തിലെ സ്‌നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും വര്‍ണിക്കുന്നതായിരുന്നു ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രം. അക്കാലത്തെ മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ഗാനം.

ബച്ച്പന്‍ കഹാന്‍?

നിങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളിലേക്കാണ് ആ പാട്ട് നിങ്ങളെ തിരിച്ചുകൊണ്ടു പോകുക. ഹിമേഷ് രെഷാമിയ പാടിയ ഈ പാട്ട് ഒരു നൂറു ബാല്യകാല സ്മൃതികള്‍ ഉണര്‍ത്തുമെന്ന് നിസ്സംശയം പറയാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ