ബോളിവുഡില്‍ മീ ടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ച് നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരായി നടത്തിയ ലൈംഗികാരോപണം പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഇതുവഴി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കയറിക്കൂടാനാണ് തനുശ്രീ ശ്രമിക്കുന്നതെന്നും രാഖി സാവന്ത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് രാഖി സാവന്ത് ഇത്തരത്തില്‍ പൊട്ടിത്തെറിച്ചുകൊണ്ട് പ്രതികരിച്ചത്.

 

View this post on Instagram

 

#bigboss take #tanushreedutta in screams #rakhisawant

A post shared by Viral Bhayani (@viralbhayani) on

2009ല്‍ ‘ഹോണ്‍ ഓക്കേ പ്ലീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് നാനാ പടേക്കർ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ ദത്ത വെളിപ്പെടുത്തി.

‘അതൊരു ‘ബുള്ളിയിങ് ടാക്ട്ടിക്’ ആയിരുന്നു, നാനാ പടേക്കര്‍ എന്നോട് മോശമായി പെരുമാറി. നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയെക്കൊണ്ട് നൃത്തച്ചുവടുകള്‍ മാറ്റി ചെയ്യിച്ചു. കൂടുതല്‍ അടുത്തിടപഴകുന്ന തരം ‘സ്‌റെപ്‌സ്’ ചേര്‍ത്തു. ഞാന്‍ ഷൂട്ടിങ്ങില്‍ നിന്നും ഇറങ്ങിപ്പോയി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗുണ്ടകളെ വിളിച്ചു വരുത്തി എന്റെ വാനിറ്റി വാനില്‍ വച്ച് എന്നെ ‘ഹരാസ്’ ചെയ്തു. എന്റെ അച്ഛനും അമ്മയും വരുന്നതിനു മുന്പായിരുന്നു അത്. അവര്‍ ലൊക്കേഷനില്‍ എത്തിയതിന് ശേഷം, ഗുണ്ടകള്‍ ഞങ്ങളുടെ കാറിനെ ആക്രമിക്കുകയും ചെയ്തു”, തനുശ്രീ ദത്ത ആരോപിച്ചു

ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമീ സിദ്ദിക്കി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്ക് ഈ വിഷയം അറിയാമായിരുന്നുവെങ്കിലും അവര്‍ നാനാ പടേക്കറുടെ പക്ഷം ചേരുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ താന്‍ ചെയ്യുന്ന വേഷങ്ങള്‍ ആളുകള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശമായ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ ദേശീയ പുരസ്‌കാരം ലഭിച്ചതുകൊണ്ടു മാത്രം ഒരാള്‍ നല്ല മനുഷ്യനായിക്കൊള്ളണമെന്നില്ലെന്നും തനുശ്രീ തുറന്നടിച്ചു.

ഇതിന്റെ പേരില്‍ പലതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് താന്‍ വിധേയയായിട്ടുണ്ടെന്നും, തന്റെ കുടുംബത്തെ പോലും മാനസികമായി ആക്രമിച്ചിട്ടുണ്ടെന്നും തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തനുശ്രീ വെളിപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook