വിവാദങ്ങളുടെ പേരിൽ എപ്പോഴും വാർത്തകളിൽ നിറയുന്ന ബോളിവുഡ് താരമാണ് രാഖി സാവന്ത്. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെ അധിക്ഷേപിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവിൽ രാഖി സാവന്ത് വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ, ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് രാഖിയെ കുറിച്ച് പുറത്തു വരുന്ന പുതിയ വാർത്ത.

ഹരിയാനയിലെ പഞ്ച്‌കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റസ്ലിംഗ് എന്റർടെയിൻമെന്റ് മാച്ചിനിടെയാണ് താരത്തിന് ഇടി കൊണ്ടത് എന്നാണ് റിപ്പോർട്ട്. 2015ൽ ദ ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദലീപ് സിങ്ങ് റാണയാണ് പഞ്ചാബിലെ ജലന്ധറിൽ ‘ ദ കോൺഡിനെന്റൽ റസ്ലിംഗ് എന്റർടെയിൻമെന്റ്’ ആരംഭിക്കുന്നത്.

പഞ്ചകുലയിലെ തൊ ലാല്‍ ദേവി സ്റ്റേഡിയത്തിൽ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരമെന്നും വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറിയ രാഖിയ്ക്ക് മത്സരത്തിനിടയിൽ പരിക്കേൽക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കുന്നു.

റിംഗിൽ വീണു കിടക്കുന്ന രാഖിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 40 കാരിയായ രാഖിയെ രണ്ടു വനിതാ പൊലീസുകാരും സംഘാടകരും താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്.

ബോളിവുഡില്‍ മീ ടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ച് നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരായി നടത്തിയ ലൈംഗികാരോപണം പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഇതുവഴി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കയറിക്കൂടാനാണ് തനുശ്രീ ശ്രമിക്കുന്നതെന്നുമായിരുന്നു രാഖി സാവന്തിന്റെ പ്രതികരണം. 2008ൽ ‘ഹോൺ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ തനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന വിവാദപരാമർശവും രാഖി സാവന്ത് നടത്തിയിരുന്നു. ഇതിനെ തുടർന്ന് രാഖിയ്ക്കെതിരെ പത്ത് കോടി രൂപയുടെ അപകീർത്തി കേസുമായി തനുശ്രീ ദത്തയും രംഗത്തു വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook