ഹൃത്വിക്ക് റോഷൻ വിവാഹിതനാവുന്നു എന്ന വാർത്തയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. തങ്ങളുടെ പ്രണയബന്ധത്തെ കുറിച്ച് ഇതുവരെയും ഹൃത്വിക്കും സാബാ ആസാദും എവിടെയും തുറന്നു പറഞ്ഞിട്ടില്ല. നവംബറിൽ ഇരുവരും വിവാഹിതരാകും എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
താരത്തിന്റെ അച്ഛനും സിനിമ സംവിധായകനുമായ രാകേഷ് റോഷൻ വാർത്തകളോട് പ്രതികരിക്കുകയാണ്. “എന്റെ മകന്റെ ജീവിതത്തിൽ സംഭവിച്ച ഈ മാറ്റത്തെ കുറിച്ച് എനിക്കു യാതൊരു അറിവുമില്ല. അതിനെ കുറിച്ച് ഞാനിതുവരെ കേട്ടിട്ടു പോലുമില്ല” ബോളിവുഡ് ഹങ്കാമയോട് രാകേഷ് റോഷൻ പറഞ്ഞു.
റോഷൻ കുടുംബത്തിന്റെ വിവിധ ചടങ്ങുകളിൽ സാബയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കാൻ പോകുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സാബ വേദിയിൽ നിൽക്കുമ്പോൾ വലിയ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്ന ഹൃത്വിക്കിന്റെ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.
സൂസൻ ഖാൻ ആണ് ഹൃത്വിക്കിന്റെ മുൻ ഭാര്യ. 2004 ൽ വിവാഹിതരായ ഇവർ പത്തു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിയുകയായിരുന്നു. ഹൃഥാൻ, ഹൃഹാൻ എന്നീ പേരുകളുള്ള രണ്ടു കുട്ടികളും ഇവർക്കുണ്ട്.
സിദ്ധാർത്ഥ് ആനന്ദിന്റെ ‘ഫൈറ്റർ’ ആണ് ഹൃത്വിക്കിന്റെ പുതിയ ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ നായിക. ‘ടൈഗർ 3’ൽ അതിഥി വേഷത്തിലെത്തു എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.