‘മക്കൾ സെൽവ’നെ പ്രശംസകൾ കൊണ്ട് മൂടി തമിഴകത്തിന്റെ സ്വന്തം തലൈവർ. ‘സീതാക്കാതി’ എന്ന പരീക്ഷണചിത്രത്തിൽ വേറിട്ട അനുഭവം കാഴ്ചവെച്ച വിജയ് സേതുപതിയാണ് തമിഴകത്തിന്റെ സ്വന്തം സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പ്രശംസകൾ ഏറ്റുവാങ്ങുന്നത്. നല്ല സിനിമകളെയും അതിനു പിറകിൽ പ്രവർത്തിക്കുന്നവരെയും എപ്പോഴും അനുമോദിക്കാനും പിന്തുണയ്ക്കാനും മടിയ്ക്കാത്ത താരമാണ് സൂപ്പർസ്റ്റാർ രജനീകാന്ത്.
‘വിജയ് സേതുപതി എന്നാല്‍ വ്യത്യസ്തത എന്നാണ് അർത്ഥം, വ്യത്യസ്തത എന്നാല്‍ വിജയ് സേതുപതി എന്നും’ ‘സീതാക്കാതി’യിലെ വിജയ് സേതുപതിയുടെ അഭിനയം കണ്ട് താരം വിജയ് സേതുപതിയെ വിശേഷിപ്പിച്ച വാക്കുകളാണിത്. കോംപ്രമൈസുകൾക്ക് തയ്യാറാവാതെ മനോഹരമായ രീതിയിൽ ‘സീതാക്കാതി’ ഒരുക്കിയ സംവിധായകൻ ബാലാജി ധരണീധരനെയും അഭിനന്ദിക്കാൻ തലൈവർ മറന്നില്ല.
വിജയ് സേതുപതിയുടെ 25-ാമത്തെ ചിത്രമാണ് ‘സീതാക്കാതി’. ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന ഹിറ്റിന് ശേഷം വിജയ് സേതുപതിയും ബാലാജി ധരണീധരനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ 80 വയസ്സുകാരനായ ഒരു നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് എത്തിയത്. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറും താരം നടത്തിയിട്ടുണ്ട്. വിജയ്യുടെ മേക്കപ്പ് ഡിസൈന്‍ നിർവ്വഹിച്ചിരിക്കുന്നത് ഓസ്കര് പുരസ്കാര ജേതാക്കളായ കെവിന് ഹനേയ്, അലക്സ് നോബിള്‍ എന്നിവർ ചേർന്നാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയപുരസ്കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്പീശൻ, ഗായത്രി, പാര്‍വ്വതി നായര്‍, സംവിധായകന് മഹേന്ദ്ര എന്നിവരും ‘സീതാക്കാതി’യിൽ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
Read more: സിനിമാ മോഷ്ടാക്കളുടെ ഇരയായി വിജയ് സേതുപതിയും; ‘സീതാക്കാതി’ ചോര്‍ത്തി തമിള്‍ റോക്കേഴ്സ്