തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ കമലഹാസന്, സല്മാന് ഖാന്, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ വീഡിയോ പുറത്ത് വിട്ടത്.
എ.ആര്.മുരുഗദോസാണ് ചിത്രത്തിന്റെ സംവിധായകന്. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പൊലീസ് വേഷത്തില്‍ സ്റ്റൈലായി എതിരാളികള്‍ക്ക് മുമ്പിലിരിക്കുന്ന രജനിയെയാണ് അവതരിപ്പിക്കുന്നത്. അനിരുദ്ധിന്റെ മാസ് സംഗീതവും വീഡിയോയ്ക്ക് ആവേശം പകരുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
നീണ്ട 25 വര്‍ഷത്തിനുശേഷം രജനി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. അടുത്ത ദീപാവലിക്ക് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറായാണ് രജനീകാന്ത് എത്തുന്നത്. നയന്‍താര, നിവേദ തോമസ്, സുനില്‍ ഷെട്ടി, പ്രതീക് ബബ്ബര്‍, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും മൊഴിമാറ്റും. രജനീകാന്തും മുരുഗദോസും ഇതാദ്യമായാണ് ഒരു ചിത്രത്തിനായി കൈകോര്‍ക്കുന്നത്.