ഒരു മരണമാസ് ചിത്രത്തിലെ മരണമാസ് പാട്ടിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം. രജനികാന്തിന്റെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘പേട്ട’ എന്ന ചിത്രത്തിലെ ‘മരണമാസ്’ എന്ന ഗാനം ഇന്ന് വൈകിട്ട് റിലീസ് ചെയ്യാനിരിക്കെ, ആരാധകരുടെ സന്തോഷവും ആകാംഷയും ഇരട്ടിപ്പിച്ച് അതിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ ടി വി. വിവേക് രചിച്ച് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ് പി ബാലസുബ്രഹ്മണ്യമാണ്.
A sneak peek into the #MakingOfMaranaMass ! Get ready for #ThalaivarKuththu Today at 6pm!@rajinikanth @karthiksubbaraj @anirudhofficial @VijaySethuOffl @SimranbaggaOffc @Nawazuddin_S @SasikumarDir @trishtrashers @Lyricist_Vivek pic.twitter.com/TrTIPh2rhR
— Sun Pictures (@sunpictures) December 3, 2018
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എസ് പി ബാലസുബ്രഹ്മണ്യം രജനികാന്തിനു വേണ്ടി പാടുന്നത്. 2014ലെ ‘ലിംഗാ’ എന്ന ചിത്രത്തിലെ ‘ഓ നന്‍ബാ’ എന്ന ഗാനമാണ് അദ്ദേഹം രജനിയ്ക്ക് വേണ്ടി ഏറ്റവുമൊടുവിലായി പാടിയത്. രജനികാന്തിന്റെ സിനിമാ ജീവിതത്തിലെ തുടക്കം മുതല്‍ തന്നെ ഐക്കോണിക്ക് ആയ പല രജനി ഗാനങ്ങള്‍ക്കും ശബ്ദം നല്‍കിയത് എസ് പി ബാലസുബ്രഹ്മണ്യമായിരുന്നു. ‘മുത്തു’ എന്ന ചിത്രത്തിലെ ‘ഒരുവന്‍ ഒരുവന്‍ മുതലാളി’, എന്തിരന്‍ എന്ന ചിത്രത്തിലെ ‘പുതിയ മനിതാ’ ഭൂമിയ്ക്ക് വാ’ തുടങ്ങിയ എ ആര്‍ റഹ്മാന്‍ ഗാനങ്ങള്‍ മുതല്‍ ‘ധര്‍മത്തിന്‍ തലൈവനിലെ ‘തെന്‍മദുരൈ വൈഗൈ നദി’ തുടങ്ങിയ ഇളയരാജ ഗാനങ്ങള്‍ വരെ, ‘തലൈവരാക്കുന്നതില്‍’ വലിയ പങ്കു വഹിച്ചിട്ടുണ്ട് രജനി ചിത്രത്തിലെ എസ് പി ബാലസുബ്രഹ്മണ്യം ഗാനങ്ങള്‍.