‘ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ?’ എന്ന് രജനികാന്ത് അതിശയിച്ചു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ചില രംഗങ്ങള്‍ തലൈവരെ കാണിക്കുകയായിരുന്നു ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍. ചിത്രത്തില്‍ നായികയായ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന ചില ആക്ഷന്‍ രംഗങ്ങള്‍ ആണ് രജനികാന്ത് കാണാന്‍ ഇടയായത്. മഞ്ജുവിന്‍റെ പ്രകടനത്തില്‍ അദ്ദേഹം അത്ഭുതപ്പെട്ടു എന്നും അതിനെ ഏറെ പ്രശംസിച്ചു എന്നും സന്തോഷ് ശിവന്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന ചിത്രത്തിന് വേണ്ടി ആക്ഷന്‍ പരിശീലിച്ചതിനെക്കുറിച്ച് മഞ്ജുവും അടുത്തിടെ ഒരു അഭിമുഖത്തില്‍ വാചാലയായി.
“കുഞ്ഞു കുഞ്ഞു ആക്ഷന്‍ സീക്വന്‍സ് ഒക്കെ ഞാന്‍ മുന്പ് ചെയ്തിട്ടുണ്ട്. ‘ജോ ആന്‍ഡ് ദി ബോയ്’ എന്ന ചിത്രതിലോക്കെ ചെറിയ രീതിയില്‍ ഉള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇതില്‍ ആക്ഷന്‍ (കാര്യമായി) ഉണ്ട്. ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്ലി’ലേത്. ആ കഥാപാത്രത്തിന്റെ ഓരോരോ തോന്ന്യവാസങ്ങളാണ്. ഞാന്‍ ഇത് വരെ സിനിമയില്‍ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങള്‍ ആ സിനിമയില്‍ എന്നെ കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്‍റെ റിസ്കാ,” റേഡിയോ മംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
‘ജാക്ക് ആന്‍ഡ് ജില്ലി’ല്‍ മഞ്ജു ഒരു തമിഴ് ഗാനം ആലപിച്ചതായും അഭിമുഖത്തില്‍ അതിഥിയായി പങ്കെടുത്ത സന്തോഷ് ശിവന്‍ പറഞ്ഞു. മഞ്ജു വാര്യരെക്കൂടാതെ കാളിദാസ് ജയറാം, സൗബിൻ, അജു വര്‍ഗീസ്, നെടുമുടി വേണു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മലയാളം, തമിഴ് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നു എന്നും റിലീസ് ഈ വര്‍ഷം തന്നെ ഉണ്ടാകും എന്നുമാണ് അറിയാന്‍ കഴിയുന്നത്.
ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. സന്തോഷ് ശിവനും, മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്‌ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ കേരളം കടന്നു തമിഴകത്തിന്റെയും പ്രിയനടിയായത് കഴിഞ്ഞ വര്‍ഷമാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം ‘അസുരനി’ലൂടെ തമിഴില്‍ എത്തിയ മഞ്ജു ഒറ്റചിത്രം കൊണ്ട് തന്നെ തമിഴ് മക്കളുടെ ആരാധനയ്ക്കും സ്നേഹത്തിനും പാത്രമായി. ധനുഷിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിച്ചത്.