ഒരമ്മ തന്നെ സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസിലെ ഒറ്റപ്പെട്ടു പോയ അച്ഛന് സാന്ത്വനമായി രജനികാന്ത്. തമിഴ്നാട് കുന്ദ്രതൂരിലാണ് ,മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത്. ഓഗസ്റ്റ് 30ന് നടന്ന ക്രൂരമായ സംഭവത്തിലാണ് അഭിരാമി എന്ന വീട്ടമ്മ, നാലും ഏഴും വയസ്സുള്ള തന്റെ മക്കളെ പാലില്‍ മയക്കുഗുളിക കലര്‍ത്തിക്കൊടുത്തു കൊലപ്പെടുത്തിയത്. ഭര്‍ത്താവ് വിജയ് മാത്രം രക്ഷപ്പെടുകയായിരുന്നു. അഭിരാമിയെ പോലീസ് അറസ്റ്റ് ചെയ്തു.
അപ്രതീക്ഷിതമായി ജീവിതം തന്നെ തകിടം മറിഞ്ഞു പോയ വിജയ് ഇന്നലെ തനിക്കേറെ ഇഷ്ടമുള്ള നായകനെ കാണാന്‍ ചെന്നൈയില്‍ എത്തി. വികാരനിര്‍ഭരമായിരുന്നു ആ സന്ദര്‍ശനം. തന്റെ മക്കള്‍ തലൈവരുടെ വലിയ ആരാധകരായിരുന്നു എന്നും അവര്‍ ‘കാലാ’ എന്ന പുതിയ രജനി ചിത്രത്തിന്റെ ഡബ്ബ്സ്മാഷ് വീഡിയോകള്‍ ചെയ്തു രസിക്കുമായിരുന്നു എന്നുമൊക്കെ കേട്ട ആ അച്ഛനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ കുഴഞ്ഞു.